ഡ്രൈവിങ് ലൈസൻസ് പുതുക്കൽ എളുപ്പമാക്കാൻ സ്വയം സേവന യന്ത്രങ്ങൾ

ബഹ്​​റൈനിൽ സർ​ക്കാർ ഓഫീസുകളിലോ ഓൺലൈനിലോ പോകാതെ തന്നെ താമസക്കാർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സൗകര്യമൊരുക്കുന്ന ഇലക്ട്രോണിക് സ്വയം സേവന യന്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കൗൺസിലർ മുഹമ്മദ് അൽ ദോസരി സമർപ്പിച്ച ഈ നിർദ്ദേശം, സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചർച്ച ചെയ്യുകയും ഭൂരിപക്ഷ വോട്ടോടെ അംഗീകരിക്കുകയുമായിരുന്നു.

കമ്മിറ്റി ചെയർപേഴ്സൺ സൈനബ് അൽ ദുറാസിയുടെ നേതൃത്വത്തിലുള്ള സമിതി ഈ നിർദ്ദേശത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ സേവനങ്ങൾ ഏത് സമയത്തും ലഭ്യമാക്കുക, സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നതും ക്യൂ നിൽക്കുന്നതും ഒഴിവാക്കുക, സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക, കൂടാതെ രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഷോപ്പിങ് മാളുകൾ, സർക്കാർ സേവന കേന്ദ്രങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നത് പൗരന്മാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്ന് അൽ ദുറാസി പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ പ്രയാസമുള്ള മുതിർന്ന പൗരന്മാർക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാകും. മറ്റ് ജിസിസി രാജ്യങ്ങളിലും പല രാജ്യങ്ങളിലും ഇത്തരം സ്വയം സേവന സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ലൈസൻസ് പുതുക്കലിനു പുറമെ ഭാവിയിൽ മറ്റ് ട്രാഫിക് സേവനങ്ങൾ കൂടി ഈ യന്ത്രങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു.

അതേസമയം, കൗൺസിൽ വൈസ് ചെയർപേഴ്സൺ സൈന ജാസിം ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. നിലവിലെ ഡിജിറ്റൽ സർക്കാർ സേവനങ്ങൾ മികച്ചതാണെന്നും, ഓൺ ലൈൻ വഴി പരമാവധി രണ്ട് മിനിറ്റിനുള്ളിൽ ലൈസൻസ് പുതുക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, ഓൺലൈൻ പുതുക്കലിനുശേഷം ഫിസിക്കൽ ലൈസൻസ് ലഭിക്കുന്നതുവരെ ഇലക്ട്രോണിക് ലൈസൻസ് മൊബൈൽ ഫോണിൽ ലഭ്യമാണെന്നും അവർ പറഞ്ഞു. ഈ യന്ത്രങ്ങൾ സ്ഥാപിക്കുന്നത് അനാവശ്യമായ വലിയ ചെലവ് ഉണ്ടാക്കുമെന്നും, ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും സൈന ജാസിം വാദിച്ചു. വിശദമായ ചർച്ചകൾക്കൊടുവിൽ സൈന ജാസിം ഒഴികെയുള്ള മറ്റ് അംഗങ്ങളുടെ വോട്ടോടെ നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു. കൂടുതൽ പരിഗണനകൾക്കായി ഈ ശുപാർശ ഇപ്പോൾ ബന്ധപ്പെട്ട മന്ത്രിക്ക് കൈമാറും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply