ഇന്റർനാഷണൽ സ്പേസ് ഫോറം ഇത്തവണ ബഹ്റൈനിൽ
‘ഇന്റർനാഷനൽ സ്പേസ് ഫോറം ‘ഗൾഫ് ചാപ്റ്റർ’ മന്ത്രിതല യോഗം ജൂലൈ 2, 3 തീയതികളിൽ ബഹ്റൈനിൽ നടക്കും. നയതന്ത്ര, സാമ്പത്തിക വികസന മേഖലകളിൽ സ്പേസ് ടെക്നോളജിയുടെ പങ്ക് ചർച്ചചെയ്യുന്ന പ്രധാന അന്താരാഷ്ട്ര ഫോറമായ ഇതിന് ആതിഥേയത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ആദ്യ രാജ്യമാവുകയാണ് ബഹ്റൈൻ. അറേബ്യൻ ഗൾഫ് മേഖലയുടെ ബഹിരാകാശ ശാസ്ത്ര വികസനത്തിൽ ഫോറം നിർണായക പങ്കുവഹിക്കുമെന്ന് ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഫോറത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയുടെയും ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെയും സഹകരണത്തോടെയാണ് എൻ.എസ്.എസ്.എ, ഫോറം സംഘടിപ്പിക്കുന്നത്. ഫോറത്തിന്റെ ആറാം എഡിഷനാണിത്.
ഗൾഫ് മേഖലയുടെ വികസനത്തിന് ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ പ്രയോജനം ചെയ്യുമെന്നത് സംബന്ധിച്ച ചർച്ചയും ഫോറത്തിലുണ്ടാകും. ഭൗമ നിരീക്ഷണം, ബഹിരാകാശ പര്യവേക്ഷണം, ബഹിരാകാശ ദർശനങ്ങളും നയങ്ങളും തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടക്കും. ഫോറത്തിന്റെ അവസാനം, പ്രതിനിധികൾ ‘മനാമ പേജ്’ പ്രഖ്യാപനം അംഗീകരിക്കും.
ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പങ്കെടുക്കുന്ന രാജ്യങ്ങളുടെ ആവശ്യങ്ങൾ, കാഴ്ചപ്പാടുകൾ, ശിപാർശകൾ എന്നിവയടങ്ങുന്നതായിരിക്കും പ്രഖ്യാപനം.1951ൽ സ്ഥാപിതമായ പാരിസ് ആസ്ഥാനമായ ഐ.എസ്.എഫിൽ, 77 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബഹിരാകാശ ഏജൻസികൾ, കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സൊസൈറ്റികൾ, അസോസിയേഷനുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, മ്യൂസിയങ്ങൾ എന്നിവ അംഗങ്ങളാണ്.
സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതുവഴി ബഹ്റൈൻ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇവന്റുകളുടെയും കോൺഫറൻസുകളുടെയും കേന്ദ്രമായി മാറി ലോകശ്രദ്ധയിൽ വരുന്നു എന്ന പ്രാധാന്യവുമുണ്ട്.
സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനായി ബഹ്റൈനെ ബഹിരാകാശ ശാസ്ത്രരംഗത്ത് മികച്ച സ്ഥാനത്തെത്തിക്കുക എന്നത് എൻ.എസ്.എസ്.എയുടെ ലക്ഷ്യങ്ങളിലൊന്നാണ്. സമ്പൂർണ ബഹ്റൈൻ നിർമിത ഉപഗ്രഹം ‘അൽമുന്തർ’ ഉടനെ വിക്ഷേപിക്കാനുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. ബഹ്റൈനി - എമിറാത്തി ഉപഗ്രഹമായ ലൈറ്റ് - വൺ 2021ൽ വിക്ഷേപിച്ചിരുന്നു.