ഗാസയ്ക്ക് കൈത്താങ്ങുമായി ബഹ്റൈൻ; ആദ്യ ഘട്ട സഹായം കൈമാറി
ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്റൈനിൽ നിന്ന് സഹായമായി അയച്ചത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഗാസയ്ക്കുള്ള ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം അയച്ചത്.
ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി പലസ്തീനിലെ റെഡ്ക്രസന്‍റിന് സഹായങ്ങൾ എത്തിക്കുകയും ചെയ്യും. പലസ്തീൻ ജനതക്കുള്ള പിന്തുണയിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉറച്ച നിലപാടാണ് ബഹ്‌റൈൻ സഹായം പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനെ പൂർണമായി പിന്തുണക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആഹ്വാന പ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഗാസയിലേക്ക് സഹായ ശേഖരണം തുടങ്ങിയത്. വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും സൊസൈറ്റികളും സിവിൽ സമൂഹവും സഹായങ്ങൾ നൽകി.