33-ാമത് അറബ് ഉച്ചകോടി ബഹ്റൈനിൽ ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മേയ്16ന് മനാമയിൽ നടക്കുന്ന 33-ാമത് അറബ് ഉച്ചകോടിയുടെ ഒരുക്കം പുരോഗമിക്കുന്നു.എല്ലാ മേഖലകളിലും അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിനും അറബ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനുമാവശ്യമായ നടപടികൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടക്കുന്നത്.
മേഖലയുടെ സമഗ്രവികസനവും അജണ്ടയിലുണ്ട്. അറബ് ഉച്ചകോടിയുടെ ഔദ്യോഗിക ലോഗോ ലീഗ് ഓഫ് അറബ് സ്റ്റേറ്റ് ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കി.അറബ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായാണ് ഉച്ചകോടി ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.രാജ്യമെമ്പാടും സമ്മേളനത്തിന്റെ വരവറിയിച്ച് ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്.പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. അറബ് ലെജിസ്ലേറ്റിവ് കൗൺസിലുകളുടെയും പാർലമെന്റുകളുടെയും സ്പീക്കർമാർ ബഹ്റൈനിൽ നടക്കുന്ന ഉച്ചകോടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.വിവിധ രാജ്യങ്ങളിലെ ബഹ്റൈൻ അംബാസഡർമാർ വഴിയാണ് അറബ് ഭരണാധികാരികൾക്ക് ക്ഷണപ്പത്രം കൈമാറിയത്.അറബ് മേഖല നേരിടുന്ന വെല്ലുവിളികളും അവക്കുള്ള പരിഹാരങ്ങളും സജീവചർച്ചയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങൾക്കിടയിൽ യോജിച്ച പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന ഉച്ചകോടി കൂടിയായിരിക്കുമിത്.