ബഹ്റൈനിൽ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവെന്ന് ആഭ്യന്തര മന്ത്രാലയം മാസികയായ അൽ അമ്ൻ മാഗസിൻ.കഴിഞ്ഞ നാലു വർഷത്തിനിടെ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച സുരക്ഷാ നടപടികളുടെയും പൊലീസുകാരുടെ നിയമപരിപാലനത്തിന്റെയും രാജ്യത്തിന്റെ സഹിഷ്ണുതയുടെ കൂട്ടായ വിജയമാണിതെന്നാണ് മാഗസിൻ വിലയിരുത്തുന്നത്.
രാജ്യത്തിന്റെ സുരക്ഷാസേന നടപ്പാക്കിയ സുരക്ഷാ പദ്ധതികളാണ് ഈ നേട്ടത്തിന് കാരണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഫോറൻസിക് എവിഡൻസ് ഡയറക്ടർ അബ്ദുൽ അസീസ് അൽ റുമൈഹി പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനും വ്യാപനം കുറക്കുന്നതിനും ഈ പദ്ധതികൾ ഗുണം ചെയ്തെന്നും അദ്ദേഹം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തീവ്രസമീപനങ്ങളെ ചെറുക്കുന്നതിനും സഹിഷ്ണുതയോടെയും സമാധാനത്തോടെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ പുരോഗമന സമീപനത്തെയും അൽ റുമൈഹി പ്രശംസിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 5995 മയക്കുമരുന്ന് ഉപയോഗ കേസുകളും 982 മയക്കുമരുന്ന് കടത്ത് കേസുകളും പൊലീസ് അധികൃതർ വിജയകരമായി പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.