പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ വേനൽക്കാല പകൽ തൊഴിൽ നിരോധനം ഞായറാഴ്ചമുതൽ പ്രാബല്യത്തിൽവന്നു. ഉച്ചക്ക് 12 മണിമുതൽ വൈകുന്നേരം നാലു മണിവരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിരോധനം. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരിക്കും നിരോധനമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ഖലഫ് അറിയിച്ചിരുന്നു.
ഇത് ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനങ്ങൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1,000 ബഹ്റൈൻ ദിനാർവരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയുമുള്ള ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.ഇതുവരെ രണ്ടുമാസത്തേക്കായിരുന്നു തൊഴിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
ഈ വർഷം മുതലാണ് മൂന്നുമാസമായി നീട്ടാൻ തീരുമാനമെടുത്തത്. കടുത്ത ചൂടിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് വേനൽക്കാലത്ത് പകൽ സമയത്ത് തൊഴിൽ നിരോധനം ഏർപ്പെടുത്തുന്നത്. നിരോധം നടപ്പാക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷ ഉദ്യോഗസ്ഥർ സൂപ്പർവൈസർമാർ എന്നിവർക്ക് തൊഴിൽ മന്ത്രാലയം ബോധവത്കരണ ശിൽപശാലകൾ നടത്തിയിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി കാമ്പയിനും നടത്തി.ഉച്ചസമയത്തെ ജോലി നിരോധന നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിന് പൊതുജനങ്ങൾക്കായി മന്ത്രാലയം ഹോട്ട്ലൈൻ നമ്പർ (32265727) പ്രസിദ്ധീകരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

