ബഹ്റൈനിൽ നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യണമെങ്കിൽ ഇനി മുതൽ ലഹരി ഉപയോഗിക്കുന്നയാളല്ലെന്ന സർട്ടിഫിക്കറ്റ് വേണ്ടി വന്നേക്കാം. ലഹരി ഉപയോഗത്തിനുപുറമെ, വധൂ വരൻമാരൂടെ മാനസിക നിലയും പരിശോധിക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.
നിലവിൽ വിവാഹത്തിനു മുമ്പ് നിർബന്ധിത ആരോഗ്യ പരിശോധനകൾ ഏർപ്പെടുത്തിയ രാജ്യമാണ് ബഹ്റൈൻ. ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യം. 2004 ലാണ് ദമ്പതികൾക്ക് ആരോഗ്യ പരിശോധന രാജ്യത്ത് നിർബന്ധിതമാക്കിയത്. അരിവാൾ രോഗം പോലുള്ള പാരമ്പര്യ രോഗങ്ങൾ തലമുറകളിലേക്ക് പടരാതിരിക്കാനും ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ‘പ്രീ മാര്യേജ്’ ടെസ്റ്റ് നിയമം കൊണ്ടുവന്നത്.
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, ക്ഷയ രോഗം എന്നിവയുണ്ടോ എന്നറിയാനും ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. പാർലമെന്റിൽ നാഷനൽ സ്ട്രാറ്റജിക് ബ്ലോക്ക് പ്രസിഡന്റും എം.പിയുമായ അഹമ്മദ് അൽ സലൂം ഇത് സംബന്ധിച്ച് സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് ശുപാർശ സമർപ്പിച്ചു.
പങ്കാളികൾ കൃത്യമായ ആരോഗ്യ വിവരങ്ങൾ അറിയുന്നത് പരസ്പര ഐക്യം നിലനിർത്താനും വെല്ലുവിളികളെ നേരിടാനും സഹായിക്കുമെന്നാണ് എം.പിയുടെ അഭിപ്രായം.
മാത്രമല്ല, ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് പാരമ്പര്യരോഗങ്ങൾ വരാനുള്ള സാധ്യത സാബന്ധിച്ച് മുൻകൂട്ടിയറിയാനും പരിശോധന സഹായകമാകും. ഇത് ദമ്പതികളുടെ മാനസികാരോഗ്യത്തിനും രാജ്യത്തിന്റെ ശോഭനമായ ആരോഗ്യ ഭാവിക്കും സഹായകമാകുമെന്നും എം.പി ചൂണ്ടിക്കാട്ടി. പുതിയ ശുപാർശ നിയമമായാൽ ബഹ്റൈനിൽ വെച്ച് വിവാഹിതരാകുന്ന വിദേശ പൗരന്മാർക്കും ഇത് ബാധകമാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

