ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (വെള്ളി) വൈകിട്ട് 6.30ന് പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. മലയാളം മിഷനും ലോക കേരള സഭയും ചേർന്ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ വരവേൽക്കാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹം വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
സമാജം ഓഡിറ്റോറിയത്തിനടുത്താണ് മുഖ്യമന്ത്രിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത് പ്രവാസികൾക്കിടയിലെ ആവേശം വർധിപ്പിച്ചിട്ടുണ്ട്. ഇത്രയും വലിയ കട്ടൗട്ട് ഗൾഫ് ഇതുവരെ കണ്ടിട്ടില്ലെന്നാണ് പൊതു അഭിപ്രായം. എട്ട് വർഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ബഹ്‌റൈൻ സന്ദർശിക്കുന്നത്. പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഗൾഫ് പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി നാളെ കേരളത്തിലേക്ക് മടങ്ങും. പിന്നീട് ഒമാൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രവാസികളുമായി സംവദിക്കുന്നതിനും നോർക്ക, ലോക കേരള സഭ തുടങ്ങിയ പ്രവാസി ക്ഷേമ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിയുടെ സന്ദർശനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

