ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻഡോ- ബഹ്‌റൈൻ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർഥം രണ്ടാമത് ഇൻഡോ- ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് മുഖ്യാതിഥി മന്ത്രി വി. മുരളീധരനൊപ്പം വിശിഷ്ടാതിഥികളായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ പങ്കെടുക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. മെയ് ആറിന് പത്മഭൂഷൺ അവാർഡ് ജേതാവ് സുധ രഘുനാഥൻ അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരിയും, മെയ് ഏഴിന് ഹരീഷ് ശിവരാമകൃഷ്ണന്റെ അകം ബാൻഡിന്റെ സംഗീത വിരുന്നും , മെയ് എട്ടിന് പ്രശസ്തമായ ബഹ്‌റൈൻ ബാൻഡ് രേവൻസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, മെയ് ഒൻപതിന് സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.
മെയ് പത്തിന് പത്മഭൂഷൺ പണ്ഡിറ്റ് റാഷിദ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടക്കും. മെയ് 11-നു ഗസൽ ഗായകൻ പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസൽ പരിപാടിയുണ്ടാകും. അവസാന ദിവസമായ മെയ് 12-നു അരുണ സായിറാം അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി. പ്രശാന്ത് ഗോവിന്ദപുരമാണ് സംഗീതോത്സവത്തിനു ചുക്കാൻ പിടിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് ഇൻഡോ ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റിന്റെ പ്രോഗ്രാം ഡയറക്ടർ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

