ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിൽ ഉപയോഗം കഴിഞ്ഞതോ പുതിയവ വാങ്ങുമ്പോൾ ഒഴിവാക്കിയതോ ആയ മെഡിക്കൽ ഉപകരണങ്ങൾ ഇനി നശിപ്പിച്ചു കളയില്ല. പകരം, മെഡിക്കൽ വിദ്യാർത്ഥികളുടെ പരിശീലനത്തിനായി ഇവ വിട്ടുനൽകാൻ സതേൺ മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. സുസ്ഥിരത ഉറപ്പാക്കുന്നതിനും പൊതുപണം ലാഭിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശം കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുള്ളത്തീഫാണ് അവതരിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നതാണ് ഈ നീക്കം.
ആശുപത്രികളിൽ നിന്ന് മാറ്റുന്നവയാണെങ്കിലും പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ മെഡിക്കൽ, ഹെൽത്ത് സയൻസ് കോളേജുകൾക്ക് കൈമാറുന്നതിലൂടെ ഭാവിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മികച്ച പ്രായോഗിക പരിശീലനം ലഭിക്കുമെന്ന് അബ്ദുള്ള അബ്ദുള്ളത്തീഫ് ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം യഥാർത്ഥ മെഡിക്കൽ ഉപകരണങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. നിലവിലെ നിയമപ്രകാരം ഇത്തരം ഉപകരണങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്നതിന് തടസ്സമില്ലെന്ന് സർവീസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അലി അൽ ശൈഖ് വ്യക്തമാക്കി.
സാമ്പത്തിക മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഈ ഉപകരണങ്ങൾ പഠനത്തിനായി വിനിയോഗിക്കാനാകും. പാഴായിപ്പോകുന്ന വിഭവങ്ങളെ വിജ്ഞാന സമ്പാദനത്തിനായി ഉപയോഗിക്കുന്ന ഈ മാതൃക മറ്റ് മേഖലകളിലും അനുകരിക്കാവുന്നതാണ്.

