വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്ത് ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ വൻതോതിൽ കന്നുകാലികളും മാംസവും ഇറക്കുമതി ചെയ്തു. 22,000-ത്തിലധികം കന്നുകാലികളും 9,000 ടൺ ഇറച്ചിയും ഇതിനകം വിപണിയിലെത്തിയതായി മുൻസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയം അറിയിച്ചു. റമദാനിലെ വർധിച്ച ആവശ്യകത കണക്കിലെടുത്ത് ഇറച്ചിക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അസിം അബ്ദുല്ല വ്യക്തമാക്കി.
ജനുവരി മുതൽ ഫെബ്രുവരി പകുതി വരെയുള്ള കണക്കനുസരിച്ച് 20,300 ആടുകളെയും 2,250 മാടുകളെയും രാജ്യത്ത് എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ 30,000 ആടുകൾ, 1,500 മാടുകൾ, 100 ഒട്ടകങ്ങൾ എന്നിവ കൂടി ബഹ്‌റൈനിലെത്തും. മാംസത്തിന്റെ കാര്യത്തിൽ ഇതിനകം 3,294 ടൺ റെഡ് മീറ്റും 6,559 ടൺ കോഴിയിറച്ചിയും ഉൾപ്പെടെ ഏകദേശം 9,853 ടൺ ഇറക്കുമതി ചെയ്തിട്ടുണ്ട്. വിതരണം സുഗമമാക്കുന്നതിനായി ഇറക്കുമതിക്കാർക്ക് 250 അധിക പെർമിറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്.
ഇറച്ചിക്ക് പുറമെ പച്ചക്കറി വിപണിയിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവ സൗദി അറേബ്യയിൽ നിന്ന് എത്തിക്കുന്നത് തുടരുകയാണ്. ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് കപ്പൽ വഴിയും കരമാർഗവും പഴങ്ങളും പച്ചക്കറികളും വേഗത്തിൽ എത്തിക്കാൻ കസ്റ്റംസ് വിഭാഗവുമായി ചേർന്ന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റമദാനിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

