ബഹ്‌റൈനിൽ 2024-ൽ 1,400-ലധികം പുതിയ കാൻസർ കേസുകളും 4,547 ഡയാലിസിസ് രോഗികളും രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാർലമെന്റിൽ എം.പി ജലാൽ കാദിമിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. നാഷണൽ കാൻസർ രജിസ്ട്രിയുടെ വിവരങ്ങൾ പ്രകാരം 1,230 കാൻസർ കേസുകൾ ബഹ്‌റൈൻ പൗരന്മാർക്കിടയിലും 171 കേസുകൾ വിദേശികൾക്കിടയിലുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഡയാലിസിസ് ചികിത്സ തേടുന്ന 4,547 പേരിൽ 4,298 പേർ സ്വദേശികളും 249 പേർ വിദേശികളുമാണ്.
സ്വദേശികൾക്കിടയിൽ മുതിർന്നവരിലാണ് കാൻസർ കൂടുതലായി കണ്ടുവരുന്നത്. 535 പുരുഷന്മാർക്കും 695 സ്ത്രീകൾക്കും കഴിഞ്ഞ വർഷം കാൻസർ സ്ഥിരീകരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, അബ്ദുറഹ്മാൻ കാനു ഡയാലിസിസ് സെന്റർ എന്നിവിടങ്ങളിലാണ് പ്രധാനമായും ചികിത്സ നൽകുന്നത്. കഴിഞ്ഞ വർഷം 47,064 തവണ രോഗികൾ ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഈ കേന്ദ്രങ്ങളെ സമീപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി 163 കാൻസർ രോഗികളെ വിദേശത്തേക്ക് അയച്ചു. ഇതിൽ സൗദി അറേബ്യ, ജോർദാൻ, തുർക്കിയ എന്നിവയാണ് പ്രധാന രാജ്യങ്ങൾ. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും രോഗികളെ അയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കാൻസർ മൂലം 525 പേരും വൃക്ക തകരാർ മൂലം 65 പേരും മരണപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. രോഗങ്ങൾ നേരത്തെ കണ്ടെത്താനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി സ്തനാർബുദം, പ്രോസ്റ്റേറ്റ് തുടങ്ങിയവയ്ക്കായി പ്രത്യേക സ്ക്രീനിങ് പരിശോധനകൾ നടത്തുന്നുണ്ട്. പുകയില ഉപയോഗം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയ്ക്കായി ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുന്നു. കൂടാതെ, എച്ച്.പി.വി (HPV), ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനുകൾ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ അതിർത്തികളിൽ കർശന നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ട്.

