അറബ് ലോകത്തിന്റെ ബൗദ്ധിക–ശാസ്ത്രീയ മികവിനെ ലോകവേദിയിൽ ഉയർത്തിക്കാട്ടുന്ന ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് ജേതാക്കളെയും അവരുടെ കുടുംബങ്ങളെയും ദുബൈ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3-ൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ദുബൈ പ്രത്യേക ചടങ്ങോടെ സ്വീകരിച്ചു. അവാർഡ് ജേതാക്കൾക്കായി പ്രത്യേകം സജ്ജീകരിച്ച പാതകളും പ്രത്യേക കൗണ്ടറുകളും വഴിയാണ് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയത്.
സ്വീകരണത്തിന്റെ ഭാഗമായി അവാർഡിന്റെ ലോഗോ പതിപ്പിച്ച സ്മരണിക സ്റ്റാമ്പും ജേതാക്കൾക്ക് സമ്മാനിച്ചു. അറബ് ലോകത്തിലെ സൃഷ്ടിപരമായ ബുദ്ധിജീവികളെയും നവോത്ഥാന ചിന്തകളെയും ആദരിക്കുന്നതിന്റെ പ്രതീകമായാണ് ഈ സ്വീകരണം സംഘടിപ്പിച്ചത്.അറിവിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന യുഎഇയുടെ കാഴ്ചപ്പാടും, നവീകരണത്തിന്റെയും ചിന്തയുടെയും ആഗോള കവാടമായി ദുബൈയെ സ്ഥാനപ്പെടുത്തുന്ന സമീപനവും ഇതിലൂടെ വ്യക്തമാകുന്നതായി ജി ഡി ആർ എഫ് എ ദുബൈ വ്യക്തമാക്കി.

അറബ് ലോകത്തെ മികച്ച ശാസ്ത്രജ്ഞർ, ചിന്തകർ, കണ്ടുപിടുത്തക്കാർ എന്നിവരെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2022-ൽ ആരംഭിച്ച ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് ‘അറബ് നോബൽ’ എന്ന പേരിലും അറിയപ്പെടുന്നു.ഈ പുരസ്‌കാരം അറബ് ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ–ബൗദ്ധിക സംരംഭങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്

മെഡിസിൻ, നാച്ചുറൽ സയൻസസ്, എഞ്ചിനീയറിംഗ് & ടെക്നോളജി, ഇക്കണോമിക്സ്, ആർക്കിടെക്ചർ & ഡിസൈൻ, ലിറ്ററേച്ചർ & ആർട്സ് തുടങ്ങിയ മേഖലകളിലെ അസാധാരണ സംഭാവനകൾക്കാണ് പുരസ്‌കാരം നൽകുന്നത്. അറബ് ലോകത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുക, അവരുടെ ആശയങ്ങളെ പിന്തുണയ്ക്കുക, യുവതലമുറയ്ക്ക് പ്രചോദനമാവുക, അറബ് ലോകത്തിന്റെ ശാസ്ത്ര–സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പുരസ്‌കാരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.അറിവിനെയും നവീകരണത്തെയും കേന്ദ്രമാക്കി ദുബൈ മുന്നേറുന്ന യാത്രയുടെ മറ്റൊരു ശക്തമായ സന്ദേശമായാണ് വിമാനത്താവളത്തിലെ ഈ പ്രത്യേക സ്വീകരണം വിലയിരുത്തപ്പെടുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു

