ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ തിങ്കളാഴ്ച പുറത്തിറങ്ങി, ആരാധകരെ അക്ഷരാർത്ഥം ഞെട്ടിച്ചിരിക്കുകയാണ് ഇതിലെ മായക്കാഴ്ചകൾ. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് റിലീസുകളിൽ ഒന്നായിരിക്കും ഈ ചിത്രമെന്നാണ് സൂചന. ‘അവതാർ’ പോലെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഇത്രയധികം വിസ്മയിപ്പിച്ച മറ്റൊരു ചിത്രമില്ല. പൻഡോറ എന്ന മായാലോകത്തിലെ വിസ്മയ കാഴ്ചകൾ കണ്ണെടുക്കാതെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. പിന്നീട് പുറത്തിറങ്ങിയ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ എന്ന രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.
2009-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം തിയേറ്ററുകളിൽ നിന്ന് 2.9 ബില്യൺ ഡോളർ നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി മാറി. 2022-ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗം 2.3 ബില്യൺ ഡോളർ നേടി പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. മറ്റൊരു ‘അവതാർ’ ബ്ലോക്ക്ബസ്റ്റർ നൽകാൻ സംവിധായകന് ആകുമോ എന്ന് സംശയിച്ചവരെ നിശ്ശബ്ദരാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പുതിയ ട്രെയിലർ.

