Headlines

ചാർലി കിർക്ക് വധം: അക്രമിക്ക് വേണ്ടിയുള്ള എഫ്ബിഐ അന്വേഷണം ഊർജിതം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പുറത്ത്

യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയായ ചാർലി കിർക്കിന്റെ കൊലപാതകിയെ കണ്ടെത്താനുള്ള അന്വേഷണം എഫ്ബിഐ ഊർജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും എഫ്ബിഐ പുറത്തുവിട്ടു. തൊപ്പിയും സൺഗ്ലാസും കറുത്ത ഫുൾസ്ലീവ് ഷർട്ടും ധരിച്ച ഒരു യുവാവിന്റെ ചിത്രമാണ് എഫ്ബിഐ പങ്കുവെച്ചത്.

സംഭവത്തിന് ശേഷം കാമ്പസിൽനിന്ന് ഓടി രക്ഷപ്പെടുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും എഫ്ബിഐ ഡയറക്ടർ വാർത്താസമ്മേളനത്തിൽ കാണിച്ചു. കെട്ടിടങ്ങൾക്ക് മുകളിലൂടെ ചാടി ആളൊഴിഞ്ഞ സ്ഥലത്തുകൂടി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണിവ. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് എഫ്ബിഐ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.

അതേസമയം, ചാർലി കിർക്കിന്റെ കൊലപാതകത്തിനു പിന്നിൽ തീവ്ര ഇടതുപക്ഷമാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യത്തിനെതിരെയുള്ള തീവ്രവാദം അവസാനിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കിർക്കിന് മരണാനന്തര ബഹുമതിയായി അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

Leave a Reply