Headlines

ട്രോഫി ഇന്ത്യക്ക് കൈമാറാം; നിബന്ധനകൾ വെച്ച് നഖ്വി, ഐസിസിയെ സമീപിക്കാൻ ബിസിസിഐ

ഏഷ്യാ കപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോഫി കൈമാറുന്നതിൽ ബിസിസിഐ ആവശ്യം നിരാകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) തലവൻ മുഹ്സിൻ നഖ്വി. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയോടെ ട്രോഫി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്വിക്ക് കത്തെഴുതിയെങ്കിലും തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി ഇന്ത്യൻ ടീം വാങ്ങണമെന്ന നിലപാടിൽ നഖ്വി ഉറച്ച് നിൽക്കുകയാണ്. എന്നാൽ അത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബിസിസിഐ വിഷയം ഐസിസിക്ക് മുന്നിലെത്തിക്കാനും തീരുമാനിച്ചു.

ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറിയും എസിസിയിലെ പ്രതിനിധിയുമായ രാജീവ് ശുക്ല കഴിഞ്ഞയാഴ്ചയാണ് എസിസി പ്രസിഡന്റ് നഖ്വിക്ക് കത്തെഴുതിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെ അംഗ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാൻ ക്രിക്കറ്റ് ബോർഡുകളും കത്ത് നൽകിയിരുന്നു. എന്നാൽ തന്റെ നിബന്ധനകൾ അംഗീകരിച്ചാൽ അടുത്ത മാസം പത്തിന് ദുബായിൽ ഒരു പരിപാടി സംഘടിപ്പിക്കാമെന്നാണ് നഖ്വി പറഞ്ഞത്.

‘ബിസിസിഐയുമായി നിരവധി കത്തുകൾ കൈമാറി, നവംബർ 10 ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനുംം മറ്റു ഇന്ത്യൻ താരങ്ങൾക്കും ബിസിസിഐ ഒഫീഷ്യൽ രാജീവ് ശുക്ലയ്ക്കും ട്രോഫി കൈമാറുന്നതിന് തയ്യാറാണെന്ന് എസിസി അറിയിച്ചിട്ടുണ്ട്’ നഖ്വി കറാച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ ട്രോഫി തന്നിൽനിന്ന് തന്നെ വാങ്ങണമെന്ന നിലപാടിൽ നഖ്വി ഉറച്ച് നിൽക്കുന്നുണ്ടെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply