Headlines

പൊലീസ് അതിക്രമത്തിൽ പ്രതിഷേധം; ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആശാ വർക്കർമാർ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഐക്യദാർഢ്യം അറിയിക്കാൻ എത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.

ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും, വനിതാ നേതാക്കൾക്ക് നേരെ ലാത്തി വീശുകയും ചെയ്തുവെന്നാണ് ആശാ വർക്കർമാരുടെ പ്രധാന ആക്ഷേപം. പ്രതിഷേധത്തിനായി എത്തിച്ച മൈക്ക് സെറ്റ് നീക്കം ചെയ്തതിലും ശക്തമായ പ്രതിഷേധമുണ്ട്.

ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാർ മാസങ്ങളായി സമരത്തിൽ തുടരുന്നത്. ഇവരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച സർക്കാർ സമിതിയുടെ റിപ്പോർട്ട് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറയുന്നു.

സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. കനത്ത മഴയേയും ജലപീരങ്കിയേയും അവഗണിച്ച് ആശാ വർക്കർമാർ ക്ലിഫ് ഹൗസിന് മുന്നിൽ നിലയുറപ്പിച്ചു. എന്നാൽ, അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു.

Leave a Reply