Headlines

അർജന്റീന ടീം കേരളത്തിലേക്ക്: മന്ത്രിതല ചർച്ചകൾ പുരോഗമിക്കുന്നു, പ്രതീക്ഷയോടെ ആരാധകർ

അർജന്റീന ഫുട്ബോൾ ടീം വൈകാതെ കേരളത്തിലെത്തിയേക്കുമെന്ന് സൂചന. ടീമിന്റെ മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ ദുബായിൽ വെച്ച് ഇക്കാര്യം അറിയിച്ചു. അടുത്ത ലോകകപ്പിന് മുൻപ് ടീം കേരളത്തിൽ എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സുമായി മിന്റെ ഫിൻടെക് പങ്കാളികളായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിയാൻഡ്രോ.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അർജന്റീനയ്ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. വർഷങ്ങളായി ആരാധകർ നൽകുന്ന ഈ സ്‌നേഹത്തിന് പ്രത്യുപകാരമെന്ന നിലയിൽ കേരളത്തിൽ കളിക്കാൻ ടീമിന് അതിയായ ആഗ്രഹമുണ്ടെന്ന് ലിയാൻഡ്രോ പീറ്റേഴ്‌സൺ വ്യക്തമാക്കി. ‘ഞങ്ങളുടെ ടീമിന് ഇന്ത്യയിൽ ഇത്രയധികം ആരാധകരുണ്ടെന്നത് അഭിമാനകരമാണ്. അവർക്ക് മുന്നിൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിൽ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്, അതിനാൽ അടുത്ത ലോകകപ്പിന് മുൻപ് തന്നെ കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ,’ അദ്ദേഹം പറഞ്ഞു. അടുത്ത ലോകകപ്പിലും ലയണൽ മെസ്സി ടീമിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിച്ച കോച്ച് ലയണൽ സ്‌കലോണി ഉൾപ്പെടെയുള്ള പ്രമുഖർ ലുലു എക്‌സ്‌ചേഞ്ചുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. അർജന്റീന ടീം വൈകാതെ കേരളത്തിലെത്തുമെന്ന് ലുലു ഹോൾഡിങ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദും പ്രത്യാശ പ്രകടിപ്പിച്ചു. ലുലു എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ അർജന്റീന ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകളും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻടെക് പങ്കാളിയായി ലുലു എക്‌സ്‌ചേഞ്ച് ധാരണയിൽ ഒപ്പുവെച്ചു. പത്ത് രാജ്യങ്ങളിലായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് സ്ഥാപനങ്ങൾ അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷന്റെ ഫിൻടെക് പങ്കാളികളാകും. ഇത് ആരാധകർക്ക് ആവേശകരമായ നിരവധി ഫാൻ ആക്ടിവേഷൻ പരിപാടികൾക്ക് വഴിയൊരുക്കും. ജിസിസിയിലുള്ള പ്രവാസികൾക്കും മലയാളികൾക്കും അർജന്റീനൻ ടീമിനെ അടുത്ത് കാണാനുള്ള അവസരങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply