കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി

Update: 2024-02-08 05:34 GMT

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി. കര, വായു, സമുദ്ര മേഖലകളിലെ ഗതാഗത രംഗത്ത് നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്നതിൻറെ ഭാഗമായാണ് നീക്കം. അബൂദബിയിലെ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ആസ്പയർ, അബൂദബി പോർട്സ് ഗ്രൂപ്പിൻറെ ഡിജിറ്റൽ ക്ലസ്റ്ററിൻറെ ഭാഗമായ മഖ്ത ഗേറ്റ് വേ എന്നിവ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കരാർ ഒപ്പുവെച്ചിരുന്നു.

വെയർഹൗസ് മേഖലകളിലേക്ക് കരമാർഗം ആളില്ലാ വാഹനത്തിൽ ചരക്ക് നീക്കുന്നതിനും അബൂദബിയിൽ നിന്ന് സമീപ ദ്വീപുകളിലേക്ക് സ്വയംനിയന്ത്രിത വാട്ടർ ടാക്സിയിൽ ആളുകളെ കൊണ്ടുപോവുന്നതിനുമാണ് പദ്ധതി വികസിപ്പിച്ചത്. വൈകാതെ അബൂദബി ഗതാഗത വകുപ്പിൻറെ സമുദ്ര ഗതാഗത മേഖലയായി ഇത് മാറുമെന്ന് ടി.ഐ.ഐ സീനിയർ ഡയറക്ടർ ജെറമി നികോല പറഞ്ഞു.

സ്വയംനിയന്ത്രിത വാട്ടർടാക്സി അബൂദബിയിൽനിന്ന് ദ്വീപുകളിലേക്കുള്ള പാസഞ്ചർ ഗതാഗതം കാര്യക്ഷമവും സുരക്ഷിതവും ചെലവു ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി അപകടങ്ങൾ ഇല്ലാതാക്കാനും സാധിക്കും. ലിഡാർ, റഡാർ സാങ്കേതിക വിദ്യകളും കൂടുതൽ സെൻസറുകളും ഉപയോഗിച്ചാണ് വാട്ടർടാക്സികൾ പ്രവർത്തിക്കുക. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സെൻസറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും ഇവയുടെ 24 മണിക്കൂർ സേവനം ലഭിക്കും. അതേസമയം, ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാനും അപകടങ്ങൾ ഇല്ലാതാക്കാനും സ്വയംനിയന്ത്രിത വാട്ടർടാക്സികൾ വഴി സാധിക്കും. വൈകാതെ നിരത്തുകൾ ഇവ കീഴടക്കുമെന്നും അതിനായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News