ഷാർജ എക്‌സ്‌പോ സെന്ററിൽ വെച്ച് നടക്കുന്ന നാല്പതാമത് 'റമദാൻ നൈറ്റ്‌സ്' വാണിജ്യ, വിപണനമേള സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആദ്യ ആഴ്ചയിൽ തന്നെ ആയിരകണക്കിന് സന്ദർശകരാണ് റമദാൻ നൈറ്റ്‌സ് 2023 സന്ദർശിച്ചത്. ഷാർജ ചേംബർ ഓഫ് കോമേഴ്‌സിന്റെ പിന്തുണയോടെ ഷാർജ എക്‌സ്‌പോ സെന്റർ സംഘടിപ്പിക്കുന്ന 'റമദാൻ നൈറ്റ്‌സ്' ഏപ്രിൽ 5-നാണ് ആരംഭിച്ചത്. ഏപ്രിൽ 21 വരെ നീണ്ട് നിൽക്കും.
പ്രമുഖ ബ്രാൻഡുകളുടെ പതിനായിരത്തിലധികം ഉത്പന്നങ്ങളാണ് ഈ മേളയിൽ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് 75 ശതമാനം വരെ വിലക്കിഴിവിൽ സാധനങ്ങൾ വാങ്ങാം. ചില്ലറവില്പനമേഖലയിൽ നിന്നുള്ള 170-ൽ പരം പ്രദർശകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് അഞ്ഞൂറിലധികം ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഈ മേളയിൽ നിന്ന് ലഭ്യമാണ്.
ആകർഷകമായ വിലക്കിഴിവിനൊപ്പം, വിലപിടിച്ച സമ്മാനങ്ങൾ നേടുന്നതിനും, സാംസ്‌കാരിക, കലാ പരിപാടികൾ, വിനോദപരിപാടികൾ എന്നിവ ആസ്വദിക്കുന്നതിനും ഈ മേളയിലെത്തുന്നവർക്ക് അവസരം ലഭിക്കുന്നു. ഇതോടൊപ്പം പരമ്പരാഗത അറബ് വിഭവങ്ങളും, ആഗോളതലത്തിലുള്ള രുചി അനുഭവങ്ങളും സന്ദർശകർക്കായി 'റമദാൻ നൈറ്റ്‌സ് 2023' മേളയിൽ ഒരുക്കുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് പതിനേഴ് ദിവസം നീണ്ട് നിൽക്കുന്ന ഈ മേള ഒരുക്കുന്നത്. ദിനവും വൈകീട്ട് അഞ്ച് മണിമുതൽ രാത്രി ഒരുമണിവരെയാണ് 'റമദാൻ നൈറ്റ്‌സ്' മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.