യു.എ.ഇയിൽ മഴമൂലം അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു

Update: 2023-08-08 11:55 GMT

കനത്ത മഴയെ തുടർന്ന് അടച്ചിട്ട എമിറേറ്റിലെ പാർക്കുകളും രാത്രി ബീച്ചുകളും സന്ദർശകർക്കായി തുറന്നു. അപകടസാധ്യത മുന്നിൽകണ്ടാണ് കഴിഞ്ഞ ദിവസം ദുബൈ മുനിസിപ്പാലിറ്റി പാർക്കുകൾ അടച്ചത്. എന്നാൽ, മഴഭീഷണി നീങ്ങിയ സാഹചര്യത്തിൽ ശുചീകരണം പൂർത്തിയാക്കി തിങ്കളാഴ്ച വീണ്ടും തുറക്കുകയായിരുന്നു. ശനിയാഴ്ചത്തെ മഴയിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ദുബൈ മുനിസിപ്പാലിറ്റിക്ക് നൂറിലേറെ അടിയന്തര ഫോൺ കാളുകളാണ് ശനിയാഴ്ച ലഭിച്ചത്. താമസയിടങ്ങളിൽ വീണ 85ലേറെ മരങ്ങൾ മുനിസിപ്പാലിറ്റി ജീവനക്കാർ നീക്കിയിട്ടുണ്ട്.

റാസല്‍ഖൈമയില്‍ മുന്നറിയിപ്പ്

എമിറേറ്റില്‍ അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റാക് പൊലീസ് മുന്നറിയിപ്പ്. റാസല്‍ഖൈമയുടെ ദക്ഷിണ മേഖലയില്‍ തുടര്‍മഴക്ക് ചൊവ്വാഴ്ച രാത്രി വരെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഷൗക്ക ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇനിയും മഴയെത്തിയാല്‍ സമീപ താഴ്വരയിലേക്കും ഷൗക്ക ഡാമില്‍ നിന്നും വെള്ളമൊഴുകും  ഈ മേഖലയിലെ താമസക്കാരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും മലനിരകളിലേക്കും ഡാം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അധികൃതര്‍ നിർദേശിച്ചു.

Tags:    

Similar News