യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ മഴയെന്ന് റിപ്പോർട്ടുകൾ. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ അതിശക്തമായി പെയ്യുന്നുവെന്നുണ്ട്. ദുബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്തരീക്ഷം ഇരുള് മൂടിയ അവസ്ഥയിലാണ്. ഇന്നലെ മുതൽ യുഎഇയിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെടുകയാണ്. ഒറ്റപ്പെട്ട വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് ദുബായ് ഷാർജ ഫുജൈറ റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ അനുഭവപ്പെടുന്നത്. പലയിടത്തും ദൂരക്കാഴ്ച നന്നേ കുറഞ്ഞിട്ടുണ്ട് അതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സ്കൂളുകളിൽ ഓൺലൈൻ പഠനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അൽ ഐനിലെ വിവിധ മേഖലകളിൽ ആലിപ്പ വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വിമാനത്തിൽ യാത്ര ചെയ്യുന്നവർ നാലുമണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. കനത്ത മഴ മലയോര പ്രദേശങ്ങളിൽ പ്രളയത്തിന് ഇടയാക്കുമെന്നും, അധികൃതരുടെ എല്ലാ മുന്നറിയിപ്പുകളും ജാഗ്രത നിർദ്ദേശങ്ങളും ജനങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.