'1 ബില്യൺ മീൽസ്' പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന 15 ദിവസങ്ങൾ കൊണ്ട് 514 ദശലക്ഷം ദിർഹം കടന്നു
'1 ബില്യൺ മീൽസ്' പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ 15 ദിവസങ്ങൾ കൊണ്ട് 514 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി. 2023 ഏപ്രിൽ 8-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. റമദാൻ മാസത്തിൽ പ്രാദേശികതലത്തിലും, അന്താരാഷ്ട്രതലത്തിലുമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഗോളതലത്തിൽ ഭക്ഷ്യക്ഷാമത്തെ അഭിസംബോധന ചെയ്യുന്നതിനും, വിശപ്പ് നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള സുസ്ഥിര പദ്ധതികൾ ഒരുക്കുകയാണ് ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലേക്ക് ഇതുവരെ എൺപത്തേഴായിരത്തിലധികം പേർ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നു.
യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് '1 ബില്യൺ മീൽസ് എൻഡോവ്മെന്റ് കാമ്പെയ്ൻ' നടപ്പിലാക്കുന്നത്. '1 ബില്യൺ മീൽസ്' പ്രചാരണപരിപാടിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇതിനായി ഉപയോഗപ്പടുത്താവുന്ന അഞ്ച് മാർഗ്ഗങ്ങൾ സംബന്ധിച്ച് ദുബായ് അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഈ പ്രചാരണപരിപാടിയിലേക്ക് വ്യക്തികൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും, മനുഷ്യസ്നേഹികൾക്കും ഇതിന്റെ വെബ്‌സൈറ്റ്, SMS, ബാങ്ക് ട്രാൻസ്ഫർ, ദുബായ്‌നൗ ആപ്പ് മുതലായ മാർഗങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സംഭാവനകൾ നൽകാവുന്നതാണ്.
The "1 Billion Meals Endowment" campaign, which was launched by @HHShkMohd to establish the largest Ramadan sustainable food aid endowment fund, has recorded total contributions of AED 514 million from 87,000 donators after 15 days of its launch. pic.twitter.com/VYFOAq3Z6e
— Dubai Media Office (@DXBMediaOffice) April 8, 2023