മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ നിർദ്ദേശം നൽകി അബുദാബി പോലീസ്
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ ഉപയോഗിക്കുന്നവർ, സുരക്ഷ മുൻനിർത്തി പാലിക്കേണ്ട ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ അബുദാബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്:
- ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കേണ്ടതാണ്.
- മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
- പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കേണ്ടതാണ്.
- റോഡിലെ കാഴ്ച മറയുന്ന അവസരങ്ങളിൽ ഡ്രൈവിംഗ് നിർത്തിവെക്കേണ്ടതും, വാഹനം അനുവദനീയമായ ഇടങ്ങളിൽ സുരക്ഷിതമായി പാർക്ക് ചെയ്യേണ്ടതുമാണ്.
- അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രിഫ്റ്റിംഗ് എന്നിവ ഒഴിവാക്കേണ്ടതാണ്.
- ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് വാഹനങ്ങളുടെ ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക, ലൈറ്റുകൾ പരിപാലിക്കുക, പഴയ ടയറുകൾ മാറ്റുക തുടങ്ങിയ ശീലങ്ങളിലൂടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർമാരോട് താഴ്വരകളിൽ നിന്നും, വെള്ളം ഉയരാനിടയുള്ള സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.