അൽ ഖിസൈസ് വ്യവസായ മേഖലയിൽ 32 റോഡുകളുടെ നിർമാണവും തെരുവുവിളക്ക് സ്ഥാപിക്കലും പൂർത്തിയാക്കി. വിപുലമായ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായത് റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) വെളിപ്പെടുത്തിയത്. 10കി.മീറ്റർ നീളത്തിലാണ് 32 റോഡുകൾ നിർമിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായതോടെ ഈ ഭാഗങ്ങളിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 500ൽ നിന്ന് 1500 ആയി ഉയർന്നു. ഇതുവഴി വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി 200 ശതമാനമാണ് വർധിച്ചിരിക്കുന്നത്. വ്യവസായ മേഖല 1,2,3,4,5 ഏരിയകളിലായാണ് റോഡ് നിർമിച്ചിരിക്കുന്നത്.
അമ്മാൻ സ്ട്രീറ്റ്, ബെയ്റൂത്ത് സ്ട്രീറ്റ്, അലപ്പോ സ്ട്രീറ്റ്, ദമാസ്കസ് സ്ട്രീറ്റ് എന്നീ പ്രധാന ഭാഗങ്ങൾ തമ്മിലെ ഗതാഗതം ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ആർ.ടി.എ എക്സി. ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. 320ലധികം വർക്ക് ഷോപ്പുകൾ, 25 റസിഡൻഷ്യൽ കെട്ടിടങ്ങൾ, കടകൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും ഇത് എളുപ്പമാക്കി. ഇതുവഴി പ്രദേശത്തെ 60,000 താമസക്കാർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർഗാം, ലഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നീ നാല് റസിഡൻഷ്യൽ ഏരിയകളിലായി 35കി.മീറ്റർ ദൈർഘ്യമുള്ള ഇടറോഡുകൾ, തെരുവ് വിളക്ക് നിർമാണം എന്നിവ ആർ.ടി.എ പൂർത്തിയാക്കിയിട്ടുണ്ട്. താമസക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ലഹ്ബാബിലും അൽ ലിസൈലിയിലും കൂടുതൽ റോഡ് നിർമാണം പുരോഗമിക്കുന്നുമുണ്ട്. മർഗാമിൽ സ്കൈഡൈവ് ദുബൈക്ക് സമീപം ദുബൈ-അൽ ഐൻ റോഡിലൂടെ അഞ്ചു കി.മീറ്റർ നീളുന്ന റോഡ് പ്രവൃത്തികളാണ് പൂർത്തിയായത്. അൽ ലിസൈലിയിൽ ഏഴുകിലോമീറ്ററോളം റോഡ് നവീകരണം പൂർത്തിയായി.
ലാസ്റ്റ് എക്സിറ്റിന് സമീപമുള്ള സെയ്ഹ് അൽ സലാമിലെ നിലവിലുള്ള റോഡുകളിലും ഏഴു കി.മീറ്ററിലധികം വരുന്ന അൽ ഖുദ്റ തടാകത്തിലും തെരുവുവിളക്ക് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹത്തയിലെ സുഹൈല പ്രദേശത്ത് രണ്ടു കി.മീറ്റർ റോഡ്, മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖല നിർമിക്കൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായിട്ടുണ്ട്.