യുഎഇ : തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ച്
യു എ ഇ ; ഓഹരിവിപണിയിൽ തട്ടിപ്പുകൾ കൂടുന്നതിനാൽ ഓഹരി ഉടമകളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും, അറിയിപ്പുകളിൽ നിന്നും അനധികൃതമായി പകർത്തിയ പകർപ്പവകാശവും ട്രേഡ്‌മാർക്ക് സംരക്ഷിത സാമഗ്രികളും ഉപയോഗിച്ച് വ്യാപകമായ തട്ടിപ്പുകൾ നടന്നു വരുന്നതായി അധികൃതർ അറിയിച്ചു. തന്മൂലം വ്യക്തിഗത വിവരങ്ങളും, പണം ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെട്ട് വരുന്ന മെസ്സേജുകളോട് പ്രതികരിക്കരുതെന്നും അതോറിറ്റി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
എ ഡി എക്സ് എക്സ്ചേഞ്ചുകളിൽ നിന്നോ, എ ഡി എക്സ് -ലൈസൻസ് ഉള്ള ബ്രോക്കർ, അല്ലെങ്കിൽ മാനേജ്മെന്റ് ടീമിലെ അംഗങ്ങളാണെന്നും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇമെയിലുകൾ വരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു. വെബ്സൈറ്റ് വഴിയോ, സോഷ്യൽ മീഡിയ ചാനലുകൾ വഴിയോ ആണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
വ്യാജ എ ഡി എക്സ് ഐഡന്റിറ്റി (ഉദാഹരണത്തിന് ലോഗോ, ബ്രാൻഡ്, പേര്, ഒപ്പ്, മാർക്കറ്റിംഗ് മെറ്റീരിയൽ, ഇൻവോയ്‌സുകൾ, അംഗത്വം ) ഉപയോഗിച്ചുള്ള വഞ്ചനാപരമായ തട്ടിപ്പുകൾ, സംശയാസ്പദമായ ഇമെയിലുകൾ എന്നിവ ലഭിച്ചാലോ യുഎഇയിലെ ബന്ധപ്പെട്ട അധികാരികൾക്കോ നിങ്ങളുടെ മാതൃരാജ്യ അധികാരികളെയോ വിവരം ഉടനെ അറിയിക്കണം. സംശയം തോന്നുകയാണെങ്കിൽ കോളുകൾ, മെയിലുകൾ എന്നിവയോട് പ്രതികരിക്കരുതെന്നും, ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഒരു കരാറിലും ഏർപ്പെടരുതെന്നും എ ഡി എക്സ് ചൂണ്ടിക്കാട്ടി.സംശയംതോന്നുന്ന സാഹചര്യത്തിൽ , Complyance@adx.ae എന്ന വിലാസത്തിൽ ADX-നെ ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചു.