പതിവു തെറ്റിക്കാതെ യു എ ഇ യിലെ തേൻ കനികൾ; ഹണി ഫെസ്റ്റിവൽ ഡിസംബർ 27 മുതൽ
ദുബായ് : പതിവു തെറ്റിക്കാതെ യു എ ഇ യിലെ പ്രശസ്തമായ ഹണി ഫെസ്റ്റിവൽ ഡിസംബർ 27 മുതൽ 31 വരെ ഹത്തയിൽ നടക്കും. ഹത്ത കമ്യൂണിറ്റി സെന്ററിൽ പൂർണ്ണമായും സ്വദേശികൾ തങ്ങളുടെ തേൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഹണി ഫെസ്റ്റിവലിൽ തേനീച്ച വളർത്തുന്ന അമ്പതോളംസ്വദേശി സംഘങ്ങൾ പങ്കെടുക്കും. ഹണി ഫെസ്റ്റിവലിന്റെ ഏഴാം സീസണാണ് ഇക്കുറി നടക്കുന്നത്. യു.എ.ഇയുടെ സംസ്കാരം വിളിച്ചോതുന്ന ഫെസ്റ്റിവൽകൂടിയാണിത്. തേൻ ഉൽപാദനവുമായി ബന്ധപ്പെട്ട പുതിയ സാധ്യതകൾ ചർച്ചചെയ്യും.
വ്യത്യസ്തമായ തേനുകളും തേനുൽപന്നങ്ങളും അണിനിരക്കും. തേനിന്റെ ഗുണഗണങ്ങൾ വിശദീകരിക്കുന്ന സെഷനുകൾ നടക്കും. തേനിന്റെ അനന്ത സാധ്യതകൾ വിലയിരുത്തുന്ന ഫെസ്റ്റ് വിപണിക്ക് ഉണർവുപകരും. ഫാമിലി മാർക്കറ്റ്, കുട്ടികളുടെ കളിസ്ഥലം, തേൻ സാമ്പ്ൾ പരിശോധന എന്നിവയുണ്ടാകും. യു.എ.ഇയിൽ ഏതൊക്കെ തരം തേൻ ലഭിക്കുമെന്ന് ഇവിടെ നേരിൽ കണ്ടറിയാം. രണ്ടു തരം തേനീച്ചകളുടെ ആവാസകേന്ദ്രമാണ് യു.എ.ഇ. നാടൻ കാട്ടുതേനീച്ചകളും ഇറക്കുമതി ചെയ്ത തേനീച്ചകളും ഇവിടെയുണ്ട്. പ്രാദേശിക തേനീച്ച വ്യവസായത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് 2017ൽ തേനീച്ചവളർത്തുകാരുടെ അസോസിയേഷൻ രൂപവത്കരിച്ചിരുന്നു. യു.എ.ഇയുടെ ശൈത്യകാല വിനോദസഞ്ചാര കാമ്പയിന്റെ ഭാഗംകൂടിയാണ് ഹണി ഫെസ്റ്റിവൽ. ഹത്തയിൽ വൻ ടൂറിസം പദ്ധതികളാണ് ദുബായ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. തണുപ്പുകാലം തുടങ്ങിയതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിത്തുടങ്ങിയിട്ടുണ്ട്.