അബുദാബി മാളിലെ മഞ്ഞ് വീഴ്ചയിൽ കൗതുകം നിറഞ്ഞ് സന്ദർശകർ, സർപ്രൈസ് ഗിഫ്റ്റുകളും ഏറെ
അബുദാബി∙: അബുദാബി മാളിലെ കൗതുകമുണർത്തുന്ന മഞ്ഞ് മഴ കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. ക്രിസ്മസ് ആഘോഷങ്ങളെ വരവേറ്റുകൊണ്ട് നാലുനില കെട്ടിടത്തിന്റെ പൊക്കത്തിൽ ഭീമൻ ട്രീയും വിന്റർ വില്ലേജുമനു അബുദാബി മാൾ ഒരുക്കിയിരിക്കുന്നത്. 18 മീറ്റർ ഉയരവും 6 മീറ്റർ വീതിയുമുള്ള ട്രീ മാത്രമല്ല മഞ്ഞുപൊഴിയും ഗ്രാമത്തിലെ ഓരോ കോണും സന്ദർശകരുടെ മനം കവരും.
മഞ്ഞുപാളികൾ അടർത്തിെയടുത്ത വിധമുള്ള കമാനങ്ങൾ, സാന്താ ക്ലോസിന്റെ ഡയറി, പുൽക്കൂട്, സമ്മാനപ്പൊതികൾ, ഇടയ്ക്കിടെയുള്ള കൃത്രിമ മഞ്ഞുവീഴ്ച തുടങ്ങി ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് വിന്റർ വില്ലേജ്. സെൽഫിയെടുക്കാനും, റീൽസ് എടുക്കാനുമായി നിരവധിയാളുകളാണ് എത്തുന്നത്. ചിത്രവും ദൃശ്യവും പകർത്തി തൽസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചും നാട്ടിലെ കുടുംബത്തിന് വിഡിയോ കോൾ വഴി കാണിച്ചുകൊടുത്തും ആഘോഷിക്കുകയാണ് പലരും.
സന്ദർശകരെ സന്തോഷിപ്പിക്കാൻ ഒട്ടേറെ വിസ്മയങ്ങൾ മാളിൽ ഉടനീളമുണ്ട്. വിവിധ കടകളിലായി ഒളിപ്പിച്ചുവച്ച ആ രഹസ്യം കണ്ടെത്തുന്നവർക്കും സമ്മാനമുണ്ട്. മീറ്റ് ആൻഡ് ഗ്രീറ്റ് പദ്ധതിയിലൂടെ സാന്താക്ലോസിനൊപ്പം ചിത്രമെടുക്കാനും സാധിക്കും. രാവിലെ 11 മുതൽ രാത്രി 8 വരെ കുട്ടികൾക്കായി ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാലയും ഒരുക്കിയിട്ടുണ്ട്. 50 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു ദിവസ കാലാവധിയുള്ള ആക്ടിവിറ്റി പാസ്പോർട്ട് നൽകും. ഇതുപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാപരിപാടികളിൽ പങ്കെടുക്കാം. വില്ലേജിനു സമീപം ക്രിസ്മസ് അലങ്കാര ഉൽപന്നങ്ങളുടെ മാർക്കറ്റുമുണ്ട്.