ദുബായ് : പത്താമത് ദേശീയ പതാകദിനം നവംബർ മൂന്നിന് സമുചിതമായി ആചരിക്കാൻ യു.എ. ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആഹ്വാനം ചെയ്തു. മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്നും ദിനാചരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപതാക രാജ്യത്തിന്റെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീകരണത്തിന്റെ പ്രതീകമായി ആകാശ ഉയർന്നുപറക്കുമെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 11നാണ് പതാക ഉയർത്തേണ്ടത്. 2004ൽ ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡന്റായി അധികാരമേറ്റതിന്റെ ആഘോഷമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് വിഭാവനം ചെയ്ത പരിപാടി 2013ലാണ് ആദ്യമായി നടന്നത്.
അതിനുശേഷം എല്ലാ വർഷവും പതാകദിനം ആചരിച്ചു വരുന്നുണ്ട്.