സൗദി അറേബ്യയിൽ സംഭാവനകൾ അംഗീകൃത മാർഗങ്ങളിലൂടെ മാത്രം; അല്ലെങ്കിൽ നടപടി
സൗദിയിൽ സംഭാവനകൾ അംഗീകൃത സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും മാത്രമെ നൽകാവൂ എന്ന് സ്റ്റേറ്റ് സെക്യൂരിറ്റി വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങൾ സുരക്ഷിതമാകുന്നതിനും റമദാനോടനുബന്ധിച്ച് ധനസമാഹരണ രംഗത്ത് ചില സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ചൂഷണം തടയുന്നതിനുമാണിത്.
വിദേശത്ത് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തിന് പുറത്ത് സംഭാവനകൾ നൽകാൻ അധികാരമുള്ള ഒരേയൊരു സ്ഥാപനം കിങ് സൽമാൻ റിലീഫ് കേന്ദ്രമാണ്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ രാജ്യത്തെ ചട്ടങ്ങൾക്ക് അസുസൃതമായി നടപടിയുണ്ടാകും. കഴിഞ്ഞ ദിവസമാണ് ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം വഴി റമദാനിലെ ധനസമാഹരണ കാമ്പയിൻ ആരംഭിക്കുന്നതിന് സൽമാൻ രാജാവ് അംഗീകാരം നൽകിയത്.
ഇതിനോടനുബന്ധിച്ചാണ് സംഭാവനയുമായി ബന്ധപ്പെട്ട സ്റ്റേറ്റ് സെക്യൂരിറ്റിയിൽ നിന്നുള്ള മുന്നറിയിപ്പ്. ഇഹ്സാൻ വഴിയുള്ള ധനസമാഹരണം റമദാൻ അവസാനം വരെ നീളും.