ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഖത്തര്‍. ഗാസ്സക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും യുദ്ധത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിനും ഖത്തര്‍ ഭരണകൂടത്തിന്റെ മധ്യസ്ഥത തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കിയത്. 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് യു.എന്‍ സമിതിയിൽ വെടിനിർത്തൽ പ്രമേയം പാസാക്കുന്നത്.
പ്രമേയത്തെ സ്വാഗതം ചെയ്ത ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, മേഖലയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചുവെടുവെപ്പാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായമെത്തിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നുള്ള മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.