110 സേവനങ്ങളുടെ ഡിജിറ്റൽവത്ക്കരണം പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം
ഖത്തറിൽ 110 സേവനങ്ങളുടെ ഡിജിറ്റൽവത്ക്കരണം പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനങ്ങൾക്കും കമ്പനികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കൃഷി, ഭക്ഷ്യസുരക്ഷ, നഗരവികസനം, പൊതു സേവനങ്ങൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി 400 സേവനങ്ങൾ ഡിജിറ്റൽവത്കരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ എവിടെനിന്നും 24 മണിക്കൂറും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കും. സേവനങ്ങൾക്കായി ഒരു ഏകീകൃതവും സംയോജിതവുമായ ഇലക്ട്രോണിക് പോർട്ടൽ സ്ഥാപിക്കുക, സുഗമമായ ആശയ വിനിമയത്തിനും എളുപ്പത്തിലുള്ള ആശയ വിനിമയത്തിനും ഒന്നിലധികം ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ. ഡിജിറ്റൽവത്കരണത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് മറ്റു സർക്കാർ വകുപ്പുകളുമായി വിവരങ്ങൾ പങ്കുവെക്കുന്നത് എളുപ്പമാകും എന്നതാണ്.
ഉപയോക്താക്കൾ ഓരോ തവണയും രേഖകൾ അപ് ലോഡ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാകും. 2023ൽ ആരംഭിച്ച ഡിജിറ്റൽവത്കരണ നടപടികൾ ത്വരിതഗതിയിൽ മുന്നോട്ടുപോവുകയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പ് ഡയറക്ടർ ഹംദ അബ്ദുൽ അസീസ് അൽ മദീദ് വ്യക്തമാക്കി.
അൽ വക്റ മുനിസിപ്പാലിറ്റിക്കു വേണ്ടി വേസ്റ്റ് മാനേജ്മെന്റ്, വാഹനങ്ങളുടെ ട്രാക്കിങ് എന്നിവയുടെ ഡിജിറ്റൽവത്കരണം അടുത്തിടെ നടപ്പാക്കിയുരുന്നു. ഇതിനായി മാലിന്യപ്പെട്ടികളിൽ സെൻസർ ചിപ്പുകൾ ഘടിപ്പിച്ചു. ഇത് മാലിന്യ വാഹനങ്ങൾക്ക് സൂചന നൽകും. മാലിന്യം നിറഞ്ഞ പെട്ടികളുടെ അടുത്തേക്ക് പോയാൽ മതിയാകും എന്ന സൗകര്യമുണ്ട്. നിലവിൽ മറ്റു മുനിസിപ്പാലിറ്റികളിൽ പുരോഗമിക്കുകയാണ്.