സീട്രേഡ് മാരിടൈം, മവാനി ഖത്തർ എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്ര മാരിടൈം ഷിപ്പിങ് കോൺഫറൻസ് അടുത്തവർഷം ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കും. ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ ഹോട്ടലിലാണ് പരിപാടി. സമുദ്രം വഴിയുള്ള ചരക്കുനീക്കത്തിൽ ഖത്തറിന്റെ കുതിപ്പിന് കരുത്തുപകരുന്നതാകും ഈ അന്താരാഷ്ട്ര സമ്മേളനമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര കമ്പനികൾക്ക് ഖത്തറിൽ ബിസിനസ് സാധ്യത വർധിപ്പിക്കാനും പ്രാദേശിക കമ്പനികൾക്ക് കൂടുതൽ അവസരമൊരുക്കാനും സമ്മേളനം സഹായിക്കുമെന്ന് സീട്രേഡ് മാരിടൈം ഗ്രൂപ് ഡയറക്ടർ ക്രിസ് മോർലി പറഞ്ഞു. സീ ലോജിസ്റ്റിക് മേഖലയിൽ വളർച്ച കൈവരിക്കാൻ രാജ്യം ലക്ഷ്യമിടുന്നുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ 1323 കപ്പലുകൾ ഖത്തറിന്റെ മൂന്ന് തുറമുഖങ്ങളിൽ എത്തി. ഈ കാലയളവിൽ 706,983 കണ്ടെയ്നറുകൾ തുറമുഖങ്ങളിൽ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വരും വർഷങ്ങളിലും വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ.