ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്കോളർഷിപ്പ് സീറ്റ് 1500 ആയി വർധിപ്പിച്ചു
ഉന്നതവിദ്യാഭ്യാസത്തിനുള്ള സർക്കാർ സ്കോളർഷിപ് സീറ്റുകൾ 700ൽനിന്ന് 1500 ആയി വർധിപ്പിച്ചതായി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിൽ വിപണിയിലെ ആവശ്യകതക്കനുസരിച്ച് യോഗ്യരായവരെ വളർത്തിക്കൊണ്ടുവരുകയും പ്രതിഭാധനരായ വിദ്യാർഥികൾക്ക് പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
നേരത്തെ മെഡിക്കൽ, എൻജിനീയറിങ്, വിദ്യാഭ്യാസം മേഖലയിൽ പരിമിതപ്പെട്ടിരുന്ന സ്കോളർഷിപ് ഇപ്പോൾ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാങ്കേതികവിദ്യ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ലഭ്യമാണെന്ന് മന്ത്രാലയം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹാരിബ് മുഹമ്മദ് അൽ ജബ്രി പറഞ്ഞു.