ഭൂമി വാടക ഗണ്യമായി കുറച്ച് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ മേഖലയിലെ ഭൂമി വാടക 90 ശതമാനം വരെ വെട്ടിക്കുറച്ചു. ചില ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ വാര്‍ഷിക വാടകയില്‍ 90 ശതമാനം വരെ കുറവുണ്ടാകും. വാണിജ്യ പ്രവർത്തങ്ങൾക്കുള്ള ഭൂമിയുടെ വാർഷിക വാടക ചതുരശ്ര മീറ്ററിന് നൂറ് റിയാലിൽനിന്നും പത്തു റിയാലായി കുറച്ചു. ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുക, രാജ്യവികസനത്തെ പിന്തുണക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിര്‍ണായക തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
വാണിജ്യ, വ്യവസായ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി എന്നിവക്കെല്ലാം ഇളവ് ബാധകമാണ്. ലോജിസ്റ്റിക് പദ്ധതികൾക്കുള്ള ഭൂമിയുടെ വാടക 75 ശതമാനം കുറയും. ചതുരശ്രമീറ്ററിന് 20 റിയാലായിരുന്നു നേരത്തെ വാര്‍ഷിക വാടക. ഇനി 5 റിയാല്‍ മതിയാകും. വ്യാവസായിക ഭൂമിക്ക് നല്‍കിയിരുന്ന വാര്‍ഷിക വാടക 10 റിയാലില്‍നിന്ന് അഞ്ച് റിയാലായി കുറയും. വിവിധാവശ്യങ്ങള്ക്കായാണ് ഭൂമി ഉപയോഗിക്കുന്നതെങ്കില്‍ മുഴുവന്‍ ഭൂമിയുടെയും പ്രതിവര്‍ഷ വാടക ചതുരശ്ര മീറ്ററിന് 10 റിയാലാണ്. തൊഴിലാളികളുടെ താമസ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്ന ഭൂമിയുടെ വാടകയും ഒരു സ്ക്വയർ മീറ്ററിന് പത്തു റിയാൽ ആയിരിക്കും. അതേസമയം വ്യാവസായിക അല്ലെങ്കിൽ ലോജിസ്റ്റിക് സ്ഥാപങ്ങളിലെ തൊഴിലാളികളുടെ താമസത്തിന് സ്ഥാപനത്തോട് ചേർന്നുള്ള ഭൂമി ഉപയോഗിക്കുമ്പോൾ വാടക ചതുരശ്ര മീറ്ററിന് 5 റിയാലായി കുറയും. ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിന് ഭൂമി ഉപയോഗിക്കുമ്പോള്‍ വാടക 5 റിയാലാണ് നല്‍കേണ്ടത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക മേഖലയിലുള്ള ഭൂമിയുടെ കരാറുകൾ 25 വർഷത്തേക്ക് ആയിരിക്കുമെന്നും പുതിയ ഉത്തരവിലുണ്ട് . എന്നാൽ ഓരോ അഞ്ച് വർഷത്തിലും വാടക അവലോകനം ചെയ്യും. കഴിഞ്ഞ ദിവസം വ്യവസായ വാണിജ്യ മന്ത്രാലയം വിവിധ ഫീസുകളില്‍ 90 ശതമാനത്തിലധികം ഇളവ് വരുത്തിയിരുന്നു. കൊമേഴ്സ്യൽ രജിസ്ട്രേഷൻ, കൊമേഴ്സ്യൽ പെർമിറ്റ്, വാണിജ്യ ഏജന്റ്സ് രജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, ഡിസൈനുകളുടെയും വ്യാവസായിക മോഡലുകളുടെയും സംരക്ഷണം, വ്യാവസായിക വികസന സേവനങ്ങൾ തുടങ്ങിയവയുടെ ഫീസിൽ ഗണ്യമായ കുറവ് വരും.
വാണിജ്യ -വ്യാവസായിക- ബിസിനസ് വികസനം, രാജ്യത്ത് നിക്ഷേപത്തിന് ആകർഷകമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുക, ഉപഭോക്തൃ സംരക്ഷണം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുക, ദേശീയ-വിദേശ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക വൈവിധ്യവത്കരണം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ സേവനങ്ങൾക്കുള്ള ഫീസ് കുറച്ചത്. മത്സരശേഷി വർധിപ്പിക്കാനും പുതിയ പദ്ധതികളെ പിന്തുണക്കാനും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.