ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടരുന്ന 33ാമത് അന്താരാഷ്ട്ര ദോഹ പുസ്തകമേള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന പുസ്തകമേളയിൽ ബുധനാഴ്ച രാവിലെയാണ് അമീർ എത്തിയത്.
മേളയുടെ ഭാഗമായ പ്രമുഖ പുസ്തക പ്രസാധകർ, സൗഹൃദ രാഷ്ട്രങ്ങളുടെ പവിലിയനുകൾ, പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം എന്നിവ സന്ദർശിച്ചു. അതിഥിരാജ്യമായ ഒമാന്റെ പവിലിയനും അമീർ സന്ദർശിച്ചു. പുസ്തകങ്ങൾ വായിച്ചും പവിലിയൻ ഗൈഡുമാരുടെ വിശദീകരണങ്ങൾ കേട്ടുമായിരുന്നു അമീർ ഓരോ സ്റ്റാളുകളിലൂടെയും നടന്നു നീങ്ങിയത്.
കുട്ടികൾക്കായുള്ള ‘ചിൽഡ്രൻ ദോഹ’യും അമീർ സന്ദർശിച്ചു. ശിൽപശാല, കുട്ടികൾക്കായുള്ള പ്രത്യേക പുസ്തകങ്ങൾ എന്നിവയും കണ്ടു. ചരിത്രം, സംസ്കാരം, ഇസ്ലാമിക പഠനം, സാഹിത്യ കൃതികൾ എന്നിവയാൽ സമ്പന്നമായ ഓരോ പവിലിയന്റെ വിശേഷങ്ങളും ഉദ്യോഗസ്ഥർ വിശദീകരിച്ചു.42 രാജ്യങ്ങളില്‍ നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. മേയ് 18 വരെ പുസ്തകപ്രേമികള്‍ക്ക് വേദി സന്ദര്‍ശിക്കാം.