രാജ്യത്തെ വിവിധ ഏജൻസികളുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം നാവികാഭ്യാസം നടത്തി. അഗ്നിശമന പ്രവർത്തനങ്ങൾ, സ്ഫോടനം മൂലം എണ്ണക്കപ്പലിലുണ്ടാകുന്ന ചോർച്ച തടയുക, പരിക്കേറ്റ ക്രൂ അംഗങ്ങളെ രക്ഷിക്കുക തുടങ്ങിയവയിൽ പരിശീലനം നടത്തി. സേനാവിഭാഗങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനം സാധ്യമാക്കുകയും ലക്ഷ്യമാക്കിയാണ് ദിബെൽ 4 എന്ന പേരിൽ നാവികാഭ്യാസം സംഘടിപ്പിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി സംഘടിപ്പിച്ച നാവികാഭ്യാസത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, ആഭ്യന്തര സുരക്ഷ സേന (ലഖ്വിയ)യുടെ റെസ്ക്യൂ ഗ്രൂപ്, നാഷനൽ കമാൻഡ് സെന്റർ, സിവിൽ ഡിഫൻസ് കൗൺസിൽ, ഹമദ് മെഡിക്കൽ കോർപറേഷൻ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, അമീരി നേവൽ ഫോഴ്സ്, അമീരി എയർഫോഴ്സ്, ഗതാഗത മന്ത്രാലയം തുടങ്ങിയവ പങ്കെടുത്തതായി കോസ്റ്റ്സ് ആൻഡ് ബോർഡർ സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ നാസർ ജബർ അൽ നുഐമി പറഞ്ഞു. വാണിജ്യ കപ്പലുകളും എണ്ണക്കപ്പലുകളും ഉൾപ്പെടുന്ന അപകടങ്ങൾ, കള്ളക്കടത്ത്, സുരക്ഷ ഭീഷണി തുടങ്ങിയ സാഹചര്യങ്ങൾ നേരിടാൻ സേനയെ സജ്ജമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.