മസ്കത്ത് : മസ്കത്തിൽ ലൈസൻസില്ലാത്ത ഔഷധ വസ്തുക്കൾ പിടി കൂടിയതിനെത്തുടർന്ന് സ്ഥാപനത്തിന് കനത്ത പിഴ ചുമത്തി. ദാഹിറ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽ നിന്നാണ് ലൈസൻസില്ലാത്ത ഔഷധ വസ്തുക്കൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്ത് പിഴ ചുമത്തിയത് . ഇബ്രി വിലായത്തിലെ സ്റ്റോറിൽനിന്നാണ് 800ലധികം ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഗുളികകളും തൈലങ്ങളും മറ്റുമായിരുന്നു പിടിച്ചെടുത്തവയിൽ. ഉപഭോക്താവിന്റെ ആരോഗ്യവും മറ്റും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കാനായി കണ്ടുകെട്ടി.
ഉപഭോക്തൃ സംരക്ഷണ നിയമം, എക്സിക്യൂട്ടിവ് ചട്ടങ്ങൾ, ഭരണപരമായ തീരുമാനങ്ങൾ എന്നിവ വാണിജ്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സി.പി.എ ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ ഗവർണറേറ്റിന്റെ മാർക്കറ്റുകളിൽ ഫീൽഡ് സന്ദർശനം നടത്തി. ഇതിന്റെ ഭാഗമായായിരുന്നു പരിശോധന. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയില്ലാതെ പോഷകപരമോ ഔഷധപരമോ ആയ ഉപയോഗങ്ങളുള്ള ഏതെങ്കിലും പ്രകൃതിദത്ത സസ്യങ്ങളോ ചെടികളുടെ സത്തകളോ വ്യാപാരം ചെയ്യുന്നതും പരസ്യം ചെയ്യുന്നതും അധികൃതർ നേരത്തേ തന്നെ നിരോധിച്ചിരുന്നു. ഇത്തരം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യാനും വിൽക്കാനും ആഗ്രഹിക്കുന്ന വ്യാപാരികൾ അവ രജിസ്റ്റർ ചെയ്യണമെന്നും ഓരോ ഉൽപന്നത്തിനും ആവശ്യമായ ലൈസൻസുകൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് നേടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.