സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിൽ ലക്‌നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇരുപത്തൊൻപതുകാരനായ ഗൗരവ് കത്യാവാർ ആണ് അറസ്റ്റിലായത്. ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ, ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കടലിൽ മുക്കിക്കൊന്നശേഷം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ദിക്ഷ കടലിൽ മുങ്ങിമരിച്ചെന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഭാര്യയെ മനഃപൂർവം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇതോടെ, ദിക്ഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരു വർഷം മുൻപായിരുന്നു ഗൗരവും ദിക്ഷയും തമ്മിലുള്ള വിവാഹം. ഗൗരവിന്റെ വിവാഹേതര ബന്ധമാണ് ദിക്ഷയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാൾ ബീച്ചിൽ കുറേനേരം ചെലവഴിച്ചു. തുടർന്ന് ബീച്ചിലെ പാറക്കൂട്ടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ കടലിലേക്കു തള്ളിയിട്ടു. ദിക്ഷയുടെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഭാര്യയുടേത് അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഗൗരവിന്റെ ശ്രമം.