യുപി സ്കൂളിലെ "മുത്തശ്ശി വിദ്യാർഥിനി'; 92കാരിയായ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ
പ്രായമോ... അതു വെറുമൊരു സംഖ്യ മാത്രമല്ലേ. ചിലരുടെ കാര്യത്തിൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ 65 വയസുള്ള "ഡാൻസിംഗ് ഡാഡി' തന്റെ നൃത്തം കൊണ്ട് സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള ഒരു യുപി സ്കൂൾ വിദ്യാർഥിനിയെക്കുറിച്ചുള്ള വാർത്തയാണ് മാധ്യമങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്. കാരണം സലീമ ഖാൻ എന്ന വിദ്യാർഥിനിയുടെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണ്.
92-ാം വയസിലാണ് സലീമ ഖാൻ പഠിക്കാനെത്തുന്നത്. തന്റെ കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുരുന്നുകളോടൊപ്പം ക്ലാസ് മുറിയിലിരുന്നു പഠിക്കുന്ന മുത്തശ്ശിയുടെ വീഡിയോയും ഫോട്ടോയും തരംഗമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസം തേടാനും അറിയാനും ആഗ്രഹിക്കുന്ന ആയിരങ്ങൾക്ക് ഈ മുത്തശ്ശി പ്രചോദനവും മാതൃകയുമാണ്. സംസ്ഥാന സർക്കാരിന്റെ നവഭാരത് സാക്ഷരതാ മിഷന് പദ്ധതിയുടെ ഭാഗമായാണ് മുത്തശ്ശി സ്കൂളിലെത്തുന്നത്.
വൈറൽ വീഡിയോയിൽ മുത്തശ്ശി ക്ലാസ് മുറിയിൽ ചെറിയ കുട്ടികൾക്കൊപ്പം ഇരിക്കുന്നതു കാണാം. "എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...ഞാൻ സ്കൂളിൽ പോകുന്നു' തൊണ്ണൂറ്റിരണ്ടുകാരിയുടെ ഈ വാക്കുകൾ എല്ലാവരിലും പ്രചോദനമാകുകയാണ്.
പഠിക്കാനുമുള്ള അവരുടെ അർപ്പണബോധം കണ്ട് വയോധികയ്ക്ക് പെൻഷൻ ഏർപ്പെടുത്തുമെന്ന് സ്കൂൾ എച്ച്എം ഡോ.പ്രതിഭ ശർമ പറഞ്ഞു. സലീമയ്ക്ക് ഇപ്പോൾ ആത്മവിശ്വാസത്തോടെ 100 വരെ എണ്ണാനും സ്വന്തം പേര് എഴുതാനും കഴിയുമെന്ന് പ്രതിഭ പറഞ്ഞു.