മുൻകൂർ അനുമതി ലഭിച്ചിട്ടില്ല, പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും; വെള്ളെഴുത്ത് തുള്ളി മരുന്നിന്റെ ഉത്പാദനം തടഞ്ഞു

Update: 2024-09-12 05:38 GMT

രാജ്യത്ത് വെള്ളെഴുത്ത് പരിഹരിക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) ഉത്തരവ്.

വെള്ളെഴുത്ത് ബാധിച്ചവർ ഒരു തുള്ളി മരുന്ന് കണ്ണിലൊഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും അടുത്ത ആറുമണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കുമെന്നുമാണ് മരുന്ന് കമ്പനിക്കാരായ എന്റോഡ് ഫാർമസ്യൂട്ടിക്കൽ അവകാശപ്പെട്ടത്. കണ്ണട ഉപയോഗിക്കുന്നത് നിർത്താനാകുമെന്നും അവകാശപ്പെട്ടു. എന്നാൽ, ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് കമ്പനിക്ക് മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും സി.ഡി.എസ്.ഒ. ചൂണ്ടിക്കാട്ടി.

വെള്ളെഴുത്ത് അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായാണ് ഐഡ്രോപ്‌സ് അവതരിപ്പിച്ചിരുന്നത്. ആഗോളതലത്തിൽ നൂറുകോടിയിലേറെ പേരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഈ സാഹചര്യത്തിലാണ് വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്‌സ് അവതരിപ്പിച്ചതെന്ന് കമ്പനി പറഞ്ഞിരുന്നു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുകയുണ്ടായി.

പ്രെസ്ബയോപിയ ഉള്ളവരിൽ കണ്ണടയുടെ സഹായമില്ലാതെ തന്നെ അടുത്തുള്ള വസ്തുക്കൾ കാണാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്‌സ് ആണിതെന്നും വായിക്കാൻ മാത്രമല്ല കണ്ണിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനും മരുന്നിന് കഴിവുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ഐ ഡ്രോപ്‌സ് വികസിപ്പിച്ചതെന്നും ഇത് വെറുമൊരു ഉത്പന്നമല്ല മറിച്ച് നിരവധിപേരുടെ കാഴ്ചാപ്രശ്‌നങ്ങൾ പരിഹരിക്കുന്ന മരുന്നാണെന്നും എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. നിഖിൽ കെ മസുർകർ പറഞ്ഞു.

ഒക്ടോബറോടെ മരുന്ന് വിപണിയിൽ എത്തിക്കാനാണ് കമ്പനി കരുതിയിരുന്നത്. 350 രൂപയ്ക്കാണ് ഫാർമസികളിൽ ലഭിക്കുകയെന്നും നാൽപതും അമ്പത്തിയഞ്ചും വയസ്സ് പ്രായമുള്ളവർക്കിടയിലെ നേരിയതും മിതവുമായ പ്രെസ്ബയോപിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ മരുന്നിന് കഴിയുമെന്നുമാണ് നിർമാതാക്കൾ വ്യക്തമാക്കിയത്.

Tags:    

Similar News