'എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം' ; ബിൽഗേറ്റ്സിനോട് ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബിൽ പുറത്തുവിട്ടു.
ബിൽ ഗേറ്റ്സ് ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച . സൈബർ സുരക്ഷയ്ക്കാണ് മോദി ചർച്ചയിൽ ഊന്നൽ നൽകിയത്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ആഗോള താപനത്തെ കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യണം. എല്ലാവർക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബിൽ ഗേറ്റ്സ് പ്രതികരിച്ചു. സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയ്ക്ക് ഒരു ഡിജിറ്റൽ സർക്കാരുണ്ട്. ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, ആ മേഖലയിൽ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്ന് ബിൽ ഗേറ്റ്സ് പ്രതികരിച്ചു.
2023ലെ ജി20 ഉച്ചകോടിയിൽ താൻ എഐ എങ്ങനെ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിൽ ഗേറ്റ്സിനോട് പറഞ്ഞു. കാശി തമിഴ് സംഗമം പരിപാടിയിൽ എഐ ഉപയോഗിച്ച് തന്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തതും പറഞ്ഞു.