പിഎംഎല്‍എ നിയമ പ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Update: 2024-02-27 14:37 GMT

പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പിഎംഎൽഎ നിയമം അനുസരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരും ഇ ഡി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് കോടതി നിരീക്ഷണം. അതേസമയം, മണൽ ഖനന അഴിമതി കേസിൽ ഇഡി നടപടികൾ തുടരാൻ സുപ്രീംകോടതി അനുമതി നൽകി. സുപ്രീം കോടതി നിര്‍ദേശം തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി. പത്ത് കളക്ടർമാർക്ക് നോട്ടീസ് നൽകിയ ഇഡി നടപടി തുടരാമെന്നും ഇവരെ ചോദ്യം ചെയ്യാൻ ഏജൻസി വിളിപ്പിച്ചാൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. സമൻസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവും കോടതി സ്റ്റേ ചെയ്തു. സമൻസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. 

Tags:    

Similar News