ഭീകരാക്രമണത്തിൽ രാജ്യം പ്രതിസന്ധിയിലായപ്പോൾ തലയുയർത്തി നിന്നയാളാണ് രത്തൻ ടാറ്റ: അനുസ്മരിച്ച് കമൽ
അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. താൻ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തൻ ടാറ്റയെന്ന് കമൽഹാസൻ പറഞ്ഞു. ദേശീയ നിധിയാണ് രത്തൻ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്സിൽ കമൽഹാസൻ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടൻ ഓർത്തെടുക്കുന്നുണ്ട്.
രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കുമെന്നും അദ്ദേഹം ഒരു ദേശീയ നിധിയാണെന്നും കമൽ ഹാസൻ കുറിച്ചു.
അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പത്ത് ഭൗതികമായ സമ്പത്തല്ല, മറിച്ച് ധാര്‍മികതയും വിനയവും രാജ്യസ്‌നേഹവുമാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം പ്രതിസന്ധിയിലായിരിക്കുന്ന ആ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ പുനർനിർമിക്കാനും കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന്റെ ആൾരൂപമായി.-കമൽഹാസൻ കൂട്ടിച്ചേര്‍ത്തു.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമരുകയും കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ആക്രമണംനടന്ന ദിവസത്തിനുശേഷം നവംബർ 29-നാണ് രത്തൻ ടാറ്റ, അന്നത്തെ ഇന്ത്യൻ ഹോട്ടൽസ് വൈസ് ചെയർമാൻ ആർ.കെ. കൃഷ്ണകുമാറിനൊപ്പം വീണ്ടും താജ് ഹോട്ടൽ സന്ദർശിച്ചു. ഭീകരാക്രമണത്തിനെതിരേയുള്ള നിത്യസ്മാരകമാക്കി താജിനെ പുനരുജ്ജീവിപ്പിക്കുമെന്ന പറഞ്ഞ രത്തൻ ടാറ്റ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിയന്തരസഹായം നൽകുന്നതിനായി ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീമും രൂപവത്കരിച്ചു. പരിക്കേറ്റവർക്കുള്ള വൈദ്യസഹായം, ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും താത്‌കാലിക പാർപ്പിടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം എന്നിവ തടസ്സംകൂടാതെ നടന്നു.
തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ ബുധനാഴ്ചയാണ് അന്തരിച്ചത്. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി.ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.