ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മരണ സംഖ്യ ഉയരുന്നു, രക്ഷാ പ്രവർത്തനത്തിന് സൈന്യവും

Update: 2023-08-16 09:33 GMT

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതികൾ തുടരുന്നു. അതിതീവ്രമഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിലെ അതിതീവ്രമഴയിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 66 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ വീട് ഇടിഞ്ഞുവീണ് മരിച്ചവരേയും, പരുക്കേറ്റവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹിമാചലിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ പെട്ട 57 പേരുടെ മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 13ന് തുടങ്ങിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശനഷ്ടമാണ് ഹിമാചൽപ്രദേശിലുണ്ടായത്. വിവിധ ഇടങ്ങളിലായി ദേശീയദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും, സംസ്ഥാന ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. വൈദ്യുതി, റെയിൽവേ ബന്ധങ്ങളും തടസപ്പെട്ടു. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറ‍ഞ്ഞു.

എന്നാൽ കനത്തമഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. അടുത്ത രണ്ടുദിവസത്തേക്ക് കൂടെ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് ഡൽഹിയിൽ വീണ്ടും യമുനാ നദി കരകവിഞ്ഞു. അപായനിലയായ 204 മീറ്റർ യമുന നദി പിന്നിട്ടു . ഹിമാചലിൽ 45 ശതമാനവും ഉത്തരാഖണ്ഡിൽ 18 ശതമാനവും അധികപെയ്‌തതായാണ് കണക്കുകൾ. ഹരിദ്വാർ, ഋഷികേശ് മേഖലയിൽ ഗംഗ കരകവിഞ്ഞു. അസമിൽ 5 ജില്ലകളിലായി 46,000 പേരെ പ്രളയം ബാധിച്ചു. കനത്ത നാശനഷ്‌ടമുണ്ടായ ശിവസാഗർ ജില്ലയിൽ മാത്രം 23,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

Tags:    

Similar News