ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമൻസ് അയക്കാന്‍ ഇഡി. നാലാമത്തെ സമൻസ് ഇന്ന് ഇഡി കെജരിവാളിന് നല്‍കിയേക്കും.
അതേസമയം ഇഡി നിയമപരമായി സമൻസ് നല്‍കിയാല്‍ കെജരിവാള്‍ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസില്‍ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. കെജരിവാളിന് ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു.
ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത നീക്കമുണ്ടായാല്‍ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശം.
ഇതിനിടെ, ദില്ലിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ എഎപി രംഗത്തെത്തി.
അഴിമതി നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരാണെന്നും ആരോഗ്യ സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ആരോഗ്യ മന്ത്രി സൗരഭ് ഭരത്വാജ് പ്രതികരിച്ചു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ എ എ പി സര്‍ക്കാരാണ് പുറത്താക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. ഇന്നലെയാണ് മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയായ അഴിമതി ആരോപണത്തില്‍ ലഫ് ഗവര്‍ണര്‍ അന്വേഷണം സിബിഐക്ക് വിട്ടത്.
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തെന്നും വ്യാജ ലാബ് ടെസ്റ്റുകള്‍ നടത്തിയെന്നുമാണ് ആരോപണം. വനം -വന്യജീവീ വകുപ്പിലെ ഫണ്ട് തട്ടിപ്പിലും സിബിഐ അന്വേഷണം നടക്കുകയാണ്.