യുവതിയെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയും നവിമുംബൈ കോപർഖൈരാനെയിൽ താമസക്കാരിയുമായ ഉർവശി വൈഷ്ണവി(27)നെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനും ജിംനേഷ്യം പരിശീലകനുമായ റിയാസ് ഖാൻ(36) ഇയാളുടെ സുഹൃത്ത് ഇമ്രാൻ ഷെയ്ഖ്(26) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡിസംബർ 17-ാം തീയതിയാണ് ധമനി ഗ്രാമത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
******
ദോഹ മെട്രോയിൽ ഹയാ കാർഡ് ഉടമകൾക്കുള്ള സൗജന്യ യാത്ര നാളെ അവസാനിക്കും. 24 മുതൽ യാത്രാ കാർഡുകൾ ഉപയോഗിച്ചു വേണം യാത്ര ചെയ്യാനെന്ന് ഖത്തർ റെയിൽ അറിയിച്ചു. ലോകകപ്പിനെത്തിയ ഹയാ കാർഡ് ഉടമകൾക്ക് സ്റ്റേഡിയങ്ങളിലേക്കും രാജ്യത്തിന്റെ വിനോദകേന്ദ്രങ്ങളിലേക്കുമെല്ലാം യാത്ര സുഗമമാക്കാനാണ് നവംബർ മുതൽ ദോഹ മെട്രോ, ട്രാം എന്നിവയിൽ സൗജന്യ യാത്ര ഒരുക്കിയത്.
******
കേരളത്തിന്റെ സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) നാഗ്പുരിൽ അന്തരിച്ചു. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ സ്വദേശിയായ നിദ നാഗ്പുരിൽ എത്തിയത്. അണ്ടർ 14 ടീം അംഗമായിരുന്നു നിദ. ഇന്നലെ രാത്രി താമസിക്കുന്ന ഹോട്ടലിൽവച്ച് ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് നിദയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
*******
സോളർ വിവാദവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശം നടത്തിയതിന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി.
2013 ജൂലൈ ആറിന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിഎസ്, ഉമ്മൻചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. താൻ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ വിഎസിന്റെ ആരോപണങ്ങൾ ഇടയാക്കിയതായി ഉമ്മൻചാണ്ടി മൊഴി നൽകിയിരുന്നു. തുടർന്ന്, ഉമ്മൻചാണ്ടിക്കു നഷ്ടപരിഹാരം നൽകാൻ പ്രിൻസിപ്പൽ സബ് ജഡ്ജി ഉത്തരവിടുകയായിരുന്നു.
******
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിച്ചതായി പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു. തീവ്ര വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ബെഞ്ചമിൻ നെതന്യാഹു സർക്കാർ രൂപീകരിച്ചിരിക്കുന്നത്. നവംബർ 1ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയും സഖ്യകക്ഷികളും ജയിച്ചിരുന്നു. തീവ്ര വലതു പക്ഷ പാർട്ടികളായ ജ്യൂവിഷ് പവർ പാർട്ടി, ഇത്മാർ ഗ്വിർ എന്നിവയുമായാണ് നെതന്യാഹു സഖ്യത്തിലെത്തിയത്. ഇസ്രയേലിൽ ആദ്യമായാണ് അതി തീവ്ര വലതുപക്ഷ പാർട്ടികൾ അധികാരത്തിൽ പങ്കാളികളാകുന്നത്.