കൊച്ചി : എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ മന്ദഗതിയിലെന്ന് റിപ്പോർട്ടുകൾ. പുതുവർഷത്തിൽ പുതിയ ബുക്കിങ്ങുകൾ കാണാൻ സാധിക്കാത്തതും, പ്രീ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റീഷെഡ്യൂൾ ചെയ്തിരിക്കുന്നതും സർവീസ് മന്ദഗതിയിലാണെന്ന സൂചനകളാണ് നൽകുന്നത്. മുംബൈ വഴിയും ഡൽഹി വഴിയുമാണ് ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ മലയാളികൾക്ക് പലർക്കും ഇത്തരത്തിൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തതായി ഇ-മെയിൽ സന്ദേശം ലഭിച്ചുകഴിഞ്ഞു.
മുൻപും ഇത്തരത്തിൽ എയർ ഇന്ത്യ കൊച്ചി ഡയറക്ട് സർവീസ് കുറച്ചുകാലത്തേക്ക് ബുക്കിങ് സൈറ്റുകളിൽനിന്നും അപ്രത്യക്ഷമായിരുന്നു. എന്നാൽ കേന്ദ്രമന്ത്രി വി. മുരളീധരനും മറ്റുചില എംപിമാരും ഇടപെട്ടതിനെത്തുടർന്ന് സർവീസ് പുനഃരാരംഭിക്കുകയായിരുന്നു. സമാനമായ ഇടപെടലും സമ്മർദവും ആവശ്യമായ സന്ദർഭമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. കോവിഡ് കാലത്ത് രാജ്യാന്തര വിമാനസർവീസുകൾ ഒന്നടങ്കം നിലച്ചപ്പോൾ ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് 'വന്ദേ ഭാരത്'എന്ന പേരിൽ ഡയറക്ട് സർവീസ് തുടങ്ങിയത്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, കൊച്ചി, ബാംഗ്ലൂർ തുടങ്ങിയ ചുരുക്കം നനഗരങ്ങളിലേക്കായിരുന്നു ഈ ഡയറക്ട് സർവീസ്. ഇതാണ് പിന്നീട് കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലർ ഷെഡ്യൂളായി നിലനിർത്തിയത്.
ആഴ്ചയിൽ ഒരു സർവീസ് എന്നത് പിന്നീട് രണ്ടായും ഒടുവിൽ മൂന്നായും ഉയർത്തി. പത്തു മണിക്കൂറിനുള്ളിൽ ഒറ്റപ്പറക്കലിന് നാട്ടിലെത്താവുന്ന ഈ സൗകര്യം ബ്രിട്ടനിലെ മലയാളികൾ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എമറേറ്റ്സിനെപോലും പിന്നിലാക്കി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്സായി ലണ്ടൻ- കൊച്ചി എയർ ഇന്ത്യ സർവീസ് മാറി. ഒരിക്കൽപോലും ആവശ്യത്തിനു യാത്രക്കാരില്ലാതെ ഈ സർവീസ് നടന്നിട്ടില്ല. നിലവിൽ സമ്മർ ഷെഡ്യൂളിൽനിന്നും ഈ സർവീസിനെ ഒളിവാക്കിയതിന് ഒരിക്കലും സാമ്പത്തിക നഷ്ടത്തിന്റെ കാരണം പറയാനാകില്ല.
ഗ്രൌണ്ട് ഹാൻഡിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഉളവുകൾ നൽകിയും വിമാനജോലിക്കാർക്ക് താമസിക്കാൻ എയർപോർട്ടിനടുത്ത് സൗകര്യം ഒരുക്കിയും മറ്റുമായിരുന്നു കൊച്ചി വിമാനത്താവള അധികൃതർ ഈ ഡയറക്ട് സർസീസിനെ പ്രോൽസാഹിപ്പിച്ചത്. ഈ സാഹചര്യത്തിനൊന്നും മാറ്റം വരാത്ത സ്ഥിതിക്ക് സർവീസ് ഒഴിവാക്കുന്നതിന്റെ കാരണമാണ് ഇനി വ്യക്തമാകേണ്ടത്.