കോഴിക്കോട് സ്ത്രീയെ നാടുകാണിച്ചുരത്തിൽ കൊന്നുതള്ളിയ കേസ്‌; കൂട്ടുപ്രതിയെ സേലത്തുവെച്ച് പിടികൂടി

Update: 2023-11-15 05:37 GMT

കോഴിക്കോട് സൈനബ(57)യെ നാടുകാണിച്ചുരത്തിൽ കൊന്നുതള്ളിയ കേസിൽ കൂട്ടുപ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാൻ അറസ്റ്റിൽ. സേലത്തുവെച്ച് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മലപ്പുറം സ്വദേശി കുന്നുംപുറം പള്ളിവീട്ടിൽ സമദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുലൈമാനെ തേടി ചൊവ്വാഴ്ച കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സുലൈമാൻ, സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. സൈബർ സെല്ലിന്റെയും സേലം പോലീസിന്റെയും സഹായത്തോടെയാണ് സുലൈമാനെ പോലീസ് പിടികൂടിയത്. പ്രതിയെ കോഴിക്കോട്ടേക്ക് എത്തിക്കും.

പണാപഹരണക്കേസിൽ ഉൾപ്പെട്ടയാളാണ് സുലൈമാനെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും ഇൻസ്പെക്ടർ കൈലാസ്‌നാഥ് പറഞ്ഞു. ലോറിഡ്രൈവറായ സുലൈമാൻ ഗൂഡല്ലൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്.

സ്വർണാഭരണങ്ങളും പണവും ലക്ഷ്യമിട്ടായിരുന്നു കൊല. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്തുനിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി യാത്രാമധ്യേ മുക്കം എത്തുംമുമ്പുള്ള സ്ഥലത്തുവെച്ച് ഇരുവരുംചേർന്ന് സൈനബയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ബന്ധുവീടുകളിലും അടുത്ത സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും സുലൈമാനെ കണ്ടെത്താൻ കഴിഞ്ഞില്ല. ടാക്സി ഡ്രൈവറായിരുന്ന ഇയാൾ മുമ്പും ഗൂഡല്ലൂർ, ബാർവുഡ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 

Tags:    

Similar News