ഗുരുവായൂരിൽ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമനപൂജ മാറ്റുന്ന തീരുമാനം; സുപ്രീം കോടതിയിൽ ഹർജി

Update: 2024-12-10 05:17 GMT

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതിന് എതിരേയാണ് ഹർജി. വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമന പൂജ ആചാരത്തിന്റെ ഭാഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു.

ഏകാദശി ദിവസം വ്രതം നോറ്റ് പതിനായിരക്കണക്കിന് പേരാണ് ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. ഉദയാസ്തമയ പൂജ നടന്നാൽ അന്ന് പലതവണ നട അടയ്ക്കേണ്ടി വരും. അത് ഭക്തർക്ക് അസൗകര്യം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. പൂജ ആചാരമല്ല വഴിപാട് മാത്രമാണ്. അതുകൊണ്ടു തന്നെ ആചാര ലംഘനം നടക്കുന്നില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്.

ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി. ബുധനാഴ്ചയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി. അതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാർ സുപ്രീം കോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച മാത്രമേ ഹർജി പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് രജിസ്ട്രി ഹർജിക്കാരെ അറിയിച്ചിട്ടുണ്ട്. ആവശ്യം നേരിട്ട് കോടതിയിൽ ഉന്നയിക്കാനും ഹർജിക്കാർ ശ്രമിക്കുന്നുണ്ട്.

Tags:    

Similar News